‘ആർഎസ്എസിന്റേത് ഹിറ്റ്ലറുടെ രീതി, ഭരണഘടന സ്ഥാപനങ്ങളിൽ കേന്ദ്രത്തിന്റെ അനാവശ്യ കൈ കടത്തൽ’; വിമർശിച്ച് മുഖ്യമന്ത്രി

കൊല്ലം: ആഭ്യന്തര ശത്രുക്കളെക്കുറിച്ച് ആർഎസ്എസ് അവതരിപ്പിച്ച നിലപാട് ആർഷഭാരത സംസ്കൃതിയിൽ നിന്ന് കിട്ടിയതാണോ എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് അവലംബിക്കുന്നത് ഹിറ്റ്ലറുടെ രീതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൊല്ലത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“ക്രിസ്ത്യാനിയും മുസ്ലിമും കമ്മ്യൂണിസ്റ്റുമാണ് ഈ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്ന് പറഞ്ഞത് അവിടെ നിന്നും കിട്ടിയതാണ്. അത് ഹിറ്റ്ലറിന്റെ കണ്ടെത്തലായിരുന്നു. ജൂതരെയും ബോൾഷെവിക്കുകളെയുമാണ് അന്ന് ആഭ്യന്തര ശത്രുക്കളെന്ന് വിളിച്ചത്. ആർഎസ്എസ് അവലംബിക്കുന്നത് ഹിറ്റ്ലറുടെ രീതിയാണ്. ആഭ്യന്തര ശത്രുവിനെ നിഷ്കാസനം ചെയ്യാൻ ജർമ്മനി സ്വീകരിച്ച രീതിയെ ലോകം മുഴുവൻ അപലപിച്ചപ്പോൾ, അന്ന് അതിനെ പുകഴ്ത്തി പറയാൻ തയ്യാറായത് ആർഎസ്എസ് മാത്രമാണ്,” മുഖ്യമന്ത്രി വിമർശിച്ചു.

ഭരണഘടന സ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാർ അനാവശ്യമായി കൈ കടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രൽ ബോണ്ട് ഈ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായി രംഗത്ത് വന്നു. സുപ്രീംകോടതിയെ സമീപിക്കാനും തയ്യാറായി. നമ്മുടെ ഭരണഘടനയ്ക്ക് നിരക്കാത്ത നടപടിയാണ് ഇലക്ടറൽ ബോണ്ട് എന്ന് സുപ്രീംകോടതിയുടെ ഇടപെടലിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്ന് അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി ആരോപിച്ചു.

More Stories from this section

family-dental
witywide