എഡിജിപി സ്ഥാനത്ത് നിന്ന് അജിത്കുമാര്‍ തെറിക്കുമോ? മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെ 11മണിക്ക്

തിരുവനന്തപുരം: എ.ഡി.ജി.പി. അജിത്കുമാറിനെ നീക്കണമെന്നകാര്യത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുംമേൽ രാഷ്ട്രീയസമ്മർദമേറുന്ന സാഹചര്യത്തിൽ ഇന്നു രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനത്തിൽ എന്തു പ്രഖ്യാപിക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമോയെന്നാണ് ആകാംക്ഷ.

ആർ.എസ്.എസ്. നേതാവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി.യെ സംരക്ഷിച്ചുനിർത്തുന്നതല്ല ഇടതുനയം എന്ന ആക്ഷേപമുയരുന്നത് ഇടതുപക്ഷത്തുനിന്നുതന്നെയാണ്. കടുത്തനടപടിക്കുവേണ്ടി ആവശ്യപ്പെടുന്നതും ഭരണപക്ഷംതന്നെ. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച പത്രസമ്മേളനം നിർണായകമാണ്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപിക്കെതിരേ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കടുത്ത സമ്മര്‍ദ്ദത്തിനൊടുവിലായിരുന്നു സര്‍ക്കാര്‍ നടപടി. ഇതോടെ അന്വേഷണം നേരിടുന്ന ഒരാള്‍ പൊലീസിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നത് ധാര്‍മികല്ലെന്ന വാദവും ഉയര്‍ന്നിരുന്നു.

എ.ഡി.ജി.പി.യെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ സി.പി.ഐ.ക്കും ആർ.ജെ.ഡി.ക്കും പുറമേ സി.പി.എമ്മിലും അതൃപ്തിയുണ്ട്. പാർട്ടി സമ്മേളനം നടക്കുന്ന ഘട്ടത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യംചെയ്യപ്പെടും. ഒക്ടോബർ നാലിന് നിയമസഭാസമ്മേളനവും തുടങ്ങുകയാണ്. സഭാതലത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും, എ.ഡി.ജി.പി. അജിത്കുമാറുമായിരിക്കും പ്രതിപക്ഷത്തിന്റെ ആയുധം.

അതിനാൽ സഭാസമ്മേളനം തുടങ്ങുന്നതിനുമുൻപ്‌ അജിത്കുമാറിനെ മാറ്റിനിർത്താനാണ് സാധ്യത. ആരോപണമുയരുമ്പോൾ അതിന്റെ വസ്തുത പരിശോധിക്കാതെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കാറുള്ളത്. ആ വാദത്തിലാണ് അജിത്കുമാറിനെ സംരക്ഷിച്ചത്.

തുടര്‍ന്ന് എഡിജിപിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം പിവി അന്‍വര്‍ വീണ്ടും രംഗത്തുവരികയും എഡിജിപിക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ‘സഖാക്കളെ കൂട്ടി സമരം ചെയ്യും’ എന്നു പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തതിനു പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത്.

എന്നാല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും എഡിജിപി സ്ഥാനത്തു നിന്ന് അജിത്കുമാറിനെ മാറ്റാനോ, സ്ഥാനമൊഴിയാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടാനോ സിപിഎമ്മും മുഖ്യമന്ത്രിയും തയാറായില്ല. ഇതു സിപിഐയെ ചൊടിപ്പിച്ചു. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ പോലീസിന് പങ്കുണ്ടെന്നും അത് തൃശൂരിലെ ബിജെപി ലോക്‌സഭാ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ സഹായിക്കാനാണെന്നും അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പോലും പൊലീസ് അട്ടിമറിച്ചെന്നും പരസ്യമായി ആരോപിച്ച് സിപിഐ നേതാവും മുന്‍മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍ ഇന്നലെ രംഗത്തുവന്നിരുന്നു.

CM Pinarayi Vijayan’s Press meet at 11related with ADGP Ajith Kumar

More Stories from this section

family-dental
witywide