തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ എസ് എഫ് ഐ അക്രമവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്കിടെ നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാക്പോര്. എസ് എഫ് ഐക്കെതിരായ പ്രതിപക്ഷത്തിന്‍റെ വിമർശനങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ മുഖ്യമന്ത്രി പ്രതികരിച്ചതോടെ വാക്പോരും ശക്തമാകുകയായിരുന്നു. ഒരു ഘട്ടത്തിൽ പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്നും മഹാരാജാവല്ലെന്നും പ്രതിപക്ഷ നേതാവ് ഓർമ്മപ്പെടുത്തി. ‘ഞാൻ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും എല്ലാകാലത്തും ജനങ്ങൾക്കൊപ്പമാണ് ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യും’ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.
ഇതോടെ മുഖ്യമന്ത്രി മഹാരാജാവ് അല്ലെന്ന് വീണ്ടും ജനങ്ങൾ ഓർമപ്പെടുത്തുന്നുവെന്നായിരുന്നു ഇത്തവണത്തെ ജനവിധിയെന്ന് വി ഡി സതീശൻ നൽകിയ മറുപടി.ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ വാക്കേറ്റമായി. ഇരുപക്ഷവും സഭയുടെ നടുത്തളത്തിന് അരികിലേക്കിറങ്ങി. സഭയിൽ നിന്നും ഇറങ്ങി പോകുമെന്ന് പ്രതിപക്ഷ നേതാവ് പറയാതിരുന്നതോടെ വാക്കോവർ നടത്തുകയാണോ എന്ന് പ്രതിപക്ഷ നേതാവിനോട് സ്പീക്കർ ആവർത്തിച്ച് ചോദിച്ചു. എന്നാൽ വി ഡി സതീശൻ മറുപടി നൽകിയില്ല.
ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ചെയറിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് എം ബി രാജേഷ് മറുപടി നൽകി. ചെയറിന് നേരെ ആക്ഷേപസ്വരങ്ങൾ ചൊരിയുന്നത് ശരിയല്ലെന്ന് സ്പീക്കറും മറുപടി നൽകി. ഇത് എല്ലാവർക്കും ബാധകമാണ്. ചെയറിനു നേരെയുളള ആക്ഷേപം ജനാധിപത്യ സമൂഹത്തിന് ചേരുന്നതല്ലെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. പരാതികൾ ഉണ്ടെങ്കിൽ ചേമ്പറിൽ വന്നു പറയണമെന്നും സ്പീക്കർ നിിർദ്ദേശിച്ചു. ഇതോടെ പ്രതിപക്ഷം പ്ലക്കാർഡ് ഉയർത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധമായി. പിന്നാലെ നടപടികൾ വേഗത്തിൽ ആക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.