മുഖ്യമന്ത്രി നേതൃത്വം നൽകുന്ന സിഎഎ വിരുദ്ധ റാലി ഇന്ന് മലപ്പുറത്ത്

മലപ്പുറം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി റാലി ഇന്ന് മലപ്പുറത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമസ്ത ഉൾപ്പടെയുള്ള മത, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മലപ്പുറം മച്ചിങ്ങൽ ബൈപ്പാസ് ജംഗ്ഷനിളാണ് റാലി സംഘടിപ്പിക്കുന്നത്. റാലിയുടെ ഭാഗമായുള്ള യോഗത്തിലേക്ക് ജമാ അത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനാ പ്രതിനിധികൾക്ക് ക്ഷണമുണ്ട്.

സമസ്ത ഇ കെ, എപി വിഭാഗങ്ങൾ, കെഎൻഎം, മർകസുദ്ദ അവ, വിസ്‌ഡം, എംഇഎസ് തുടങ്ങിയ സംഘടനകളെ സിപിഎം പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനും പങ്കെടുക്കാമെന്ന് സംഘാടകർ പറയുന്നുണ്ടെങ്കിലും പരസ്യക്ഷണം ഉണ്ടായിട്ടില്ല. ഡോ. കെ ടി ജലീൽ എംഎൽഎ അധ്യക്ഷനാകും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ച് ജില്ലകളില്ലാണ് ഭരണഘടനാ സംരക്ഷണ റാലി സംഘടിപ്പിക്കുന്നത്. ഇതിൽ കോഴിക്കോട്ടെ റാലി മാർച്ച് 22 ന് നടന്നിരുന്നു. ബിജെപിയേയും കേന്ദ്ര സർക്കാരിനേയും ഒപ്പം കോൺഗ്രസിനേയും രൂക്ഷമായ ഭാഷിലാണ് കോഴിക്കോട്ടെ പ്രസംഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചത്. ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സി എ എയുടെ ലക്ഷ്യമെന്ന് കോഴിക്കോട് റാലിയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide