തിരുവനന്തപുരം: ദ് ഹിന്ദു അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന മലപ്പുറം – പി.ആര് ഏജന്‍സി വിവാദങ്ങൾക്കിടെ വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക.
മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം നല്കിയ വിശദീകരണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും തള്ളാത്തത് സംശയങ്ങള്‍ കൂട്ടുന്നു എന്ന് പലരും തുറന്നുപറയുന്ന സാഹചര്യത്തില്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന് പ്രാധാന്യമുണ്ട്. ഇന്ന് പി ആര് ഏജന്‍സി സംബന്ധിച്ച വിവാദത്തിന് മറുപടി നല്‍കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എഡിജിപി എം ആര് അജിത് കുമാറിനെ മാറ്റാത്തതും പൂരം വിവാദവും ഇപ്പോഴും മുഖ്യമന്ത്രിയിലേക്ക് നീണ്ടു നില്‍ക്കുകയാണ്. മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിവാദങ്ങളെ കൂടുതല്‍ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നാളെ നിയമസഭാ സമ്മേളനവും ആരംഭിക്കാനിരിക്കെക്കൂടിയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം.