കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ക്കിടയില്‍ ടിആര്‍പി ഗെയിം സോണിന്റെ സഹ ഉടമയും; തിരിച്ചറിഞ്ഞത് ഡി.എന്‍.എ പരിശോധനയില്‍

ന്യൂഡല്‍ഹി: കുട്ടികള്‍ ഉള്‍പ്പെടെ 27 പേരുടെ ജീവനെടുത്ത ഗുജറാത്തിലെ രാജ്കോട്ട് ടിആര്‍പി ഗെയിം സോണിലുണ്ടായ തീ പിടുത്തത്തില്‍ കാണാതായ ടിആര്‍പി ഗെയിം സോണിന്റെ സഹ ഉടമയും കൊല്ലപ്പെട്ടു. തിരിച്ചറിയാനാകാത്ത വിധം മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധന നടത്തിയാണ് മരിച്ചവരെ തിരിച്ചറിയുന്നത്. ഡിഎന്‍എ പരിശോധനയ്ക്കുശേഷം ഗെയിം സോണിന്റെ സഹ ഉടമ പ്രകാശ് ഹിരാനും മരിച്ചതായി സ്ഥിരീകരിച്ചു.

മെയ് 25 നാണ് ഗുജറാത്തിലെ രാജ്കോട്ടില്‍ ടിആര്‍പി ഗെയിംസോണിനെ വിഴുങ്ങിയ വന്‍ തീപിടിത്തമുണ്ടായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രകാശ് സംഭവസ്ഥലത്തെത്തിയിരുന്നതായി കണ്ടെത്തിയത്. തീപിടിത്തമുണ്ടായ സ്ഥലത്ത് അദ്ദേഹത്തിന്റെ കാറും കണ്ടെത്തിയിരുന്നു.

തീപിടിത്തമുണ്ടായപ്പോള്‍ പ്രകാശ് ഗെയിമിംഗ് സോണിനുള്ളില്‍ ആയിരുന്നെന്നും പിന്നീട് കാണാതായെന്നും സഹോദരന്‍ ജിതേന്ദ്ര പറഞ്ഞു. ഫോറന്‍സിക് വിഭാഗം ഇവരുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളുകള്‍ എടുത്ത് പ്രകാശും തീപിടിത്തത്തില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് ഗുജറാത്ത് പോലീസ് അദ്ദേഹത്തെയും പ്രതിയാക്കി കേസെടുത്തിരുന്നു. പ്രകാശ് ഉള്‍പ്പെടെ ആറുപേരെ പ്രതിചേര്‍ത്താണ് പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. മുഖ്യപ്രതിയും ധവല്‍ എന്റര്‍പ്രൈസസിന്റെ ഉടമയുമായ ധവല്‍ തക്കര്‍, റേസ്വേ എന്റര്‍പ്രൈസസിന്റെ പങ്കാളികളായ അശോക്സിന്‍ഹ് ജഡേജ, കിരിത്സിന്‍ഹ് ജഡേജ, പ്രകാശ് ഹിരണ്‍, യുവരാജ്സിംഗ് സോളങ്കി, രാഹുല്‍ റാത്തോഡ് എന്നിവര്‍ക്കെതിരെയാണ് കേസുള്ളത്.

More Stories from this section

family-dental
witywide