കണ്ണൂര്‍: യാത്രയയപ്പു ചടങ്ങില്‍ ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു തന്നെ കണ്ടിരുന്നതായി കളക്ടറുടെ മൊഴി. ചേംബറിലെത്തി തന്ന് കണ്ട് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇത് കൈക്കൂലി വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതി നടത്തിയെന്നോ, അല്ലെങ്കില്‍ കുറ്റസമ്മതമായി കണക്കാക്കാനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, എഡിഎമ്മിന്റെ മരണത്തില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നല്‍കുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിവ്യയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം സിപിഎമ്മാണ് ഒളിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ ആരോപിച്ചിരുന്നു. അഴിമതിക്കാരനായി എഡിഎം നവീന്‍ ബാബുവിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങള്‍ പൊളിച്ചു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ദിവ്യ വിഐപി പ്രതിയാണെന്നും ഉപതെരഞ്ഞെടുപ്പായത് കൊണ്ടാണ് അറസ്റ്റ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.