പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഫൈനലിൽ കടന്ന ശേഷം അയോഗ്യയാക്കപ്പെട്ട ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വിനേഷ് ഫോഗട്ട് ചാംപ്യന്മാരില്‍ ചാംപ്യനാണ്. ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ് വിനേഷ് ഫോഗട്ട് എന്ന് മോദി എക്‌സില്‍ കുറിച്ചു.’ ഇന്നത്തെ തിരിച്ചടി വേദനപ്പിക്കുന്നു. ഞാന്‍ അനുഭവിക്കുന്ന നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതേ സമയം, നിങ്ങള്‍ പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയര്‍ത്തി നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ! ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു’- ഇങ്ങനെയാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.
ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കേയാണ് തിരിച്ചടി ഉണ്ടായത്. മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍ കടന്ന വേളയിലാണ് ഇന്ത്യയെ ഒന്നാകെ നിരാശപ്പെടുത്തി വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി എന്ന വാര്‍ത്ത പുറത്തുവന്നത്.ബുധനാഴ്ച രാവിലെ നടന്ന ഭാരപരിശോധനയില്‍, അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ പരിശീലകന്‍ അറിയിച്ചു. ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നിരിക്കുന്നത്.