മുൻനിര അമേരിക്കൻ മൾട്ടിനാഷണൽ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ കമ്പനി 2021-ൽ ഇന്ത്യ വിടുമ്പോൾ, ഈ തീരുമാനം തങ്ങളുടെ ആഗോള പുനർനിർമ്മാണ പരിപാടിയുടെ ഭാഗമാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ നീക്കം രാജ്യത്തിൻ്റെ ബിസിനസ്സ് അന്തരീക്ഷത്തെയും കാർ വിപണിയെയും കുറിച്ച് ചില മേഖലകളിൽ ആശങ്കകൾ ഉയർത്താതിരുന്നില്ല. ഇന്ത്യയുടെ വാഹന വളർച്ചയുടെ അവസ്ഥ പലരും ചോദ്യം ചെയ്തു. എന്നിരുന്നാലും, കൊറിയൻ കിയ മോട്ടോഴ്‌സ്, ചൈനീസ് എംജി മോട്ടോഴ്‌സ് തുടങ്ങിയ ചെറുകിട ബ്രാൻഡുകളുടെ റൺവേ വിജയം, ഇന്ത്യയുടെ ഓട്ടോമൊബൈൽ വളർച്ചയിൽ മാറ്റമില്ലാത്തതാണെന്ന് തെളിയിച്ചു. ഫോർഡിൻ്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ഇപ്പോൾ വിരാമം കുറിക്കുകയാണ്.
അമേരിക്ക സന്ദര്‍ശിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഫോര്‍ഡ് അധികൃതരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഉത്പാദനം പുനരാരംഭിക്കുന്നതിന്റെ സാധ്യത ആരായാന്‍ കമ്പനി അധികൃതര്‍ ഈ മാസം അവസാനം തമിഴ്നാട് സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. ഫോര്‍ഡ് പുതുതായി വിപണിയിലിറക്കുന്ന വൈദ്യുത കാറുകള്‍ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാന്‍ ആലോചനയുണ്ട്. എസ്.യു.വിയായ എന്‍ഡവര്‍ നേരത്തേ ഇവിടെയാണ് നിര്‍മിച്ചിരുന്നത്. അത് പുനരാരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഫാക്ടറി തുറന്നാല്‍ ഇവിടെ 3000-ത്തിലേറെപ്പേര്‍ക്ക് ജോലി ലഭിക്കും.
മിഷിഗണിലെ കമ്പനി ആസ്ഥാനത്ത് ഫോര്‍ഡ് മോട്ടോഴ്സ് അധികൃതരുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകമായിരുന്നെന്ന് സ്റ്റാലിന്‍ അറിയിച്ചു. തമിഴ്നാടുമായി ഫോര്‍ഡിനുള്ള മൂന്നുപതിറ്റാണ്ടത്തെ ബന്ധം പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. തമിഴ്നാട്ടിലെ അടച്ചിട്ട ഫാക്ടറി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഫോര്‍ഡ് അധികൃതരും സ്ഥിരീകരിച്ചു.
ലോകത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളില്‍ ഒന്നായിരുന്ന ഫോര്‍ഡ് 1995-ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. തമിഴ്നാട്ടിലെ മറൈമലൈ നഗറിലും ഗുജറാത്തിലെ സാനന്ദിലുമാണ് ഫാക്ടറികളുണ്ടായിരുന്നത്. വന്‍നഷ്ടം വന്നതിനെത്തുടര്‍ന്ന് ഇന്ത്യ വിടുന്നതായി 2021-ലാണ് കമ്പനി അറിയിച്ചത്. 2022-ല്‍ ഫാക്ടറികള്‍ പൂട്ടുകയും ചെയ്തു.