എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി എറിക് ഗാർസെറ്റി; ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ പരിശീലനം നൽകുമെന്ന് ഉറപ്പ്

ബെംഗളൂരു: മെയ് 24 ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ആസ്ഥാനം സന്ദർശിച്ചു. ഐഎസ്ആർഒ ചെയർമാനും സെക്രട്ടറിയുമായ ഡോ. എസ് സോമനാഥുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ വിജയത്തിന് പിന്നിലെ ചാലകശക്തി സോമനാഥായിരുന്നു. എസ് സോമനാഥുമായുള്ള എറിക് ഗാർസെറ്റിയുടെ ഔപചാരിക കൂടിക്കാഴ്ചയ്ക്ക് ബഹിരാകാശ മേഖലയിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സഹകരണം അടയാളപ്പെടുത്തുന്നതു കൂടിയായിരുന്നു കൂടിക്കാഴ്ച.

ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കും യുഎസിനും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനാകുമെന്നും എറിക് ഗാർസെറ്റി എക്‌സിൽ കുറിച്ചു.

”ഡോ. എസ് സോമനാഥിനെ നേരിട്ട് കണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. പരിസ്ഥിതി, പ്രകൃതി ദുരന്തങ്ങൾ, സമുദ്രനിരപ്പ് ഉയരൽ എന്നിവ നിരീക്ഷിക്കുന്നതിനായി ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് നിസാർ ഉപഗ്രഹം വൈകാതെ വിക്ഷേപിക്കും,” എറിക് ഗാർസെറ്റി കുറിച്ചു.

ബെംഗളൂരുവിൽ നടന്ന യുഎസ്- ഇന്ത്യ സ്‌പേസ് കോമേഴ്‌സ്യൽ സ്‌പേസ് കോൺഫറൻസിലും എറിക് ഗാർസെറ്റി പങ്കെടുത്തു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന സംയുക്ത ദൗത്യത്തിനായി ഇന്ത്യയും യുഎസും പരസ്പരം കൈകോർക്കുമെന്നും ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.