കണ്ണൂര്‍: കണ്ണൂരില്‍ തളിപ്പറമ്പ്-ആലക്കോട് റോഡിലെ പൂവത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നത്ത ചൂണ്ടിക്കാട്ടി പരാതി നല്‍കിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ സൗമ്യയാണ് (58) മരിച്ചത്. തൊട്ടടുത്ത പളളിയിലേക്ക് പോകാന്‍ കോണ്‍വെന്റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്.
കോണ്‍വെന്റും സ്‌കൂളുമുളള ഭാഗത്ത് അപകടങ്ങള്‍ പതിവായിരുന്നു. ഇവിടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് സംവിധാനങ്ങളൊന്നുമില്ല. സീബ്രാ ലൈനും മുന്നറിയിപ്പ് ബോര്‍ഡുകളുമില്ല. കുട്ടികളുടെ സുരക്ഷയെ കരുതി ഉടന്‍ നടപടിയാവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍ കൂടിയായ സിസ്റ്റര്‍ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുമ്പാണ് പരാതി നല്‍കിയത്. നടപടിയാകും മുന്‍പ് അതേ സ്ഥലത്ത് കന്യാസ്ത്രീയുടെ ജീവന്‍ പൊലിഞ്ഞതിന്റെ വേദനയിലാണ് നാട്.
മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതാണ് സിസ്റ്റര്‍ സൗമ്യയുടെ ജീവനെടുത്തതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്-ആലക്കോട് റോഡിലെ പൂവത്ത് അപകടം നടന്നയിടത്ത് പൊലീസ് ഒരു ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.