ന്യൂഡല്‍ഹി: ഹമാസിന്റെ സായുധസേന വിഭാഗത്തെ പൂര്‍ണമായും കീഴടക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്.
ഒരു വര്‍ഷത്തിന് ശേഷം ഹമാസിന്റെ സൈനിക വിഭാഗത്തെ ഞങ്ങള്‍ പരാജയപ്പെടുത്തി എന്ന് ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയും വ്യക്തമാക്കി.
ഹമാസ് തീവ്രവാദികളുടെ അഭൂതപൂര്‍വമായ ആക്രമണം ഗാസ യുദ്ധത്തിന് തുടക്കമിട്ട് ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം, ഗാസ മുനമ്പിലെയും ലെബനനിലെയും തീവ്രവാദികളോട് യുദ്ധം തുടരുകയാണ് ഇസ്രേല്‍. മാത്രമല്ല, ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നതിനിടെ ഇസ്രായേല്‍ ‘വിജയിക്കുമെന്ന്’ നെതന്യാഹു സൈനികരോട് പറഞ്ഞു.
‘ഒരു വര്‍ഷം മുമ്പ്, ഞങ്ങള്‍ക്ക് ഭയങ്കരമായ ആഘാതം നേരിട്ടു. കഴിഞ്ഞ 12 മാസങ്ങളില്‍ ഞങ്ങള്‍ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചു,’ ലെബനന്‍ അതിര്‍ത്തി സന്ദര്‍ശനത്തിനിടെ നെതന്യാഹു പ്രതികരിച്ചതിങ്ങനെ.
അതേസമയം, ഒക്ടോബര്‍ 7ലെ ആക്രമണം അഭിമാനാര്‍ഹമാണെന്നും ഫലസ്തീനികള്‍ തങ്ങളുടെ ചെറുത്തുനില്‍പ്പിലൂടെ പുതിയ ചരിത്രമെഴുതുകയാണെന്നും ഹമാസ് ഞായറാഴ്ച പ്രതികരിച്ചിരുന്നു.