കണ്ണൂർ: കൂത്തുപറമ്പ് സമരനായകൻ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (54) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യം മോശമായതിനെത്തുടർന്ന് കഴിഞ്ഞമാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 1994 നവംബർ 25ന് സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പിൽ പരുക്കേറ്റ പുഷ്പൻ ശരീരം തളർന്ന് കാൽനൂറ്റാണ്ടോളം കിടപ്പിലായിരുന്നു.
1994 നംവബര്‍ 25ന് കൂത്തുപറമ്പിൽ ഉണ്ടായ വെടിവെപ്പിലാണ് പുഷ്പന് വെടിയേൽക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പൻ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് വെടിവെപ്പുണ്ടാകുകയായിരുന്നു. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ എന്നീ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെടിവെപ്പില്‍ മരിച്ചു.
സിപിഎം അണികള്‍ക്ക് പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു. പ്രവർത്തകരുടെ ആവേശവും വികാരവുമായിരുന്നു. അപൂര്‍വ്വം അവസരങ്ങളില്‍ തിരഞ്ഞെടുപ്പ് പരിപാടികളിലും പാര്‍ട്ടിവേദികളിലും പ്രവര്‍ത്തകര്‍ക്ക് ആവേശമായി പുഷ്പന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.