ന്യൂഡല്‍ഹി: ബീഹാറില്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരണവുമായി പൊലീസ്. ഇതേതുടര്‍ന്ന് പതിമൂന്നോളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ വാദങ്ങളും പൊളിയുകയാണ്. 20 മുതല്‍ 30 ലക്ഷം രൂപ വരെ നല്‍കി ചില വിദ്യാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ കൈക്കലാക്കിയെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് സുപ്രധാനമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഏഴോളം വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് പൊലീസ് വിശദീകരണം തേടിയിട്ടുമുണ്ട്.
അതിനിടെ, ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നീറ്റ്-യുജി ടെസ്റ്റ് ജൂണ്‍ 23-ന് വീണ്ടും നടത്തും. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. അതോടൊപ്പം ചോദ്യപേപ്പര്‍ ചോര്‍ച്ച, നീറ്റ് യുജി 2024 ലെ മറ്റ് ക്രമക്കേടുകള്‍ എന്നിവയില്‍ സിബിഐ അന്വേഷണത്തിനുള്ള അപേക്ഷയില്‍ സുപ്രീം കോടതി കേന്ദ്രത്തിനും എന്‍ടിഎയ്ക്കും നോട്ടീസ് അയച്ചു.