പുൽപ്പളളി: ദിവസങ്ങൾക്കുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചുള്ള ഹർത്താലിൽ വയനാട് പുൽപ്പളളിയിൽ ജനരോഷം ആളിക്കത്തുന്നു. ഹർത്താൽ ദിനത്തിൽ പുൽപ്പളളിയിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം പിടിച്ചെടുത്ത് ചെറിയ തോതിൽ അക്രമം കാട്ടി. വനംവകുപ്പിന്റെ ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ട ജനക്കൂട്ടം റൂഫ് വലിച്ചുകീറി ജീപ്പിന് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
തുടർച്ചയായി കാട്ടാന ആക്രമണമുണ്ടായിട്ടും വനംവകുപ്പിന് ഒന്നും ചെയ്യാനാകുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വനംവകുപ്പ് ജീവനക്കാർക്കെതിരെ കടുത്ത ജനരോഷമാണ് പുൽപ്പള്ളിയിൽ ആളിക്കത്തുന്നത്. നൂറിലധികം പേരാണ് ഇവിടെ കൂട്ടം ചേർന്നെത്തി പ്രതിഷേധിക്കുന്നത്. വന്യമൃഗ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡവും കൊണ്ടുന്ന് വനംവകുപ്പിന്‍റെ ജീപ്പിന് മുകളിൽ വച്ചു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
അതേസമയം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ പുരോഗമിക്കുകയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ പോളിന്‌റെ മൃതദേഹവും വഹിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. പുല്‍പ്പള്ളി ടൗണിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച പോളിന്റെ മൃതദേഹത്തിന് ഒപ്പം നൂറു കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. 50 ലക്ഷം നഷ്ടപരിഹാരം നല്‍കിയാലേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് പോളിന്‌റെ ബന്ധുക്കള്‍. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യവും ബന്ധുക്കള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. പോളിൻ്റെ കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ജില്ലയില്‍ 17 ദിവസത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. വാഹനങ്ങളൊന്നും ഓടുന്നില്ല. ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളു. പ്രതിഷേധം കണക്കിലെടുത്ത് സിവിൽ സ്റ്റേഷൻ പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Pulpally protest against forest department