കൊച്ചി: മഹാരാജാസ് കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 13 വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തു. എസ്എഫ്ഐ പ്രവർത്തകനെ മർദിച്ച കേസിൽ പ്രതിചേർക്കപ്പെട്ട കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് നടപടി.
എസ്‌എഫ്‌ഐ യൂനിറ്റ് സെക്രട്ടറി പി.എ. അബ്ദുൽ നാസറിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കോളജിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ നടപടി. അതേസമയം, തങ്ങളുടെ പ്രവർത്തകരെ മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാത്തതിൽ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
സംഘര്‍ഷത്തിന് പിന്നാലെ ജനുവരി 18ന് അനിശ്ചിതകാലത്തേക്ക് അടച്ച കോളജ് ബുധാനാഴ്ചയാണ് തുറന്നത്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വിദ്യാര്‍ഥികളെ കോളജില്‍ പ്രവേശിപ്പിക്കരുതെന്നും ആറ് മണിക്ക് ശേഷം വിദ്യാര്‍ഥികള്‍ കാമ്പസില്‍ തങ്ങാൻ അനുവദിക്കരുതെന്നും ഇന്നലെ ചേര്‍ന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. കുറച്ചു ദിവസത്തേക്ക് കോളജ് പരിസരത്ത് പൊലീസ് സാന്നിധ്യവുമുണ്ടാകും.