ഒരു ലക്ഷംരൂപയ്ക്കായുള്ള കോണ്‍ഗ്രസിന്റെ ഒറ്റ ക്യൂവില്‍ ‘സ്മൃതി ഇറാനി’യും..അല്ല തുളസിയും, തരംഗമായി കോണ്‍ഗ്രസിന്റെ പരസ്യം

നിര്‍ധനരായ വീട്ടിലെ സ്ത്രീകള്‍ക്ക് കോണ്‍ഗ്രസ് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഇന്നലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സോണിയ ഗാന്ധിയുടെ പ്രഖ്യാപനമെത്തിയിരിക്കുന്നത്. ഇതിന്മേലുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ പ്രഖ്യാപനത്തിന് അധിക ബലമായി രാഹുല്‍ ഗാന്ധി ഇന്ന് ഒരു പരസ്യം കൂടി എക്‌സില്‍ എത്തിച്ചു. രാവിലെ ഒമ്പതുമണിയോടെ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ എത്തിയ കോണ്‍ഗ്രസിന്റെ പരസ്യം ഇതിനോടകം തരംഗമായി മാറിയിട്ടുണ്ട്.

മഹാലക്ഷ്മി യോജന പദ്ധതി പ്രകാരം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ ഒരുലക്ഷം രൂപ സഹായധനമായി നല്‍കുന്നതാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതി.

കോണ്‍ഗ്രസിന്റെ പരസ്യം തരംഗമാകാന്‍ കാരണം പരസ്യത്തില്‍ അഭിനയിക്കുന്ന സ്മൃതി ഇറാനിയുടെ ഛായയുള്ള ഒരു സ്ത്രീയുടെ സാന്നിധ്യം തന്നെയാണ്. കാവി സ്‌കാര്‍ഫ് ധരിച്ച കുറച്ചു സ്ത്രീകള്‍ ഒരു ഗ്രാമത്തിലേക്ക് കടന്നുവരികയും അവിടെയുള്ള സ്ത്രീകളെ തങ്ങളുടെ പാര്‍ട്ടിയുടെ റാലിക്കായി വിളിക്കുകയും ചെയ്യുമ്പോള്‍ അവരെല്ലാം ഒരു ലക്ഷംരൂപയ്ക്കായുള്ള ക്യൂ നില്‍ക്കുകയാണെന്ന് പുരുഷന്മാര്‍ മറുപടി നല്‍കുന്നു.

തുടര്‍ന്ന് സ്ത്രീ സംഘം ഒരു ലക്ഷത്തിന്റെ ക്യൂ കാണാനെത്തുകയും അവിടെയുള്ള ഒരു സ്ത്രീയോട് അതേപ്പറ്റി അന്വേഷിക്കുകയും ചെയ്യുന്നു. ഇത് ലോട്ടറിയാണോയെന്ന് ചോദിക്കുമ്പോള്‍ അവര് ഇതൊരു അവകാശമാണെന്നും വ്യക്തമാക്കുന്നു. ഇനിയാണ് ട്വിസ്റ്റ് ! നിങ്ങളുടെ തുളസിയും ഇക്കൂട്ടത്തിലുണ്ടെന്ന് പറഞ്ഞ് അവിടെ എത്തിയവരെ ഒരു സ്ത്രീക്കുനേരെ ചൂണ്ടിക്കാണിക്കുമ്പോള്‍ സ്മൃതി ഇറാനിയുടെ രൂപ സാദൃശ്യമുള്ള ഒരു സ്ത്രീയെയാണ് കാണിക്കുന്നത്. ഒറ്റ നോട്ടത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ തനി പകര്‍പ്പാണ് പരസ്യത്തിലെ സ്ത്രീയ്ക്ക്.

‘ഞാനെന്തു ചെയ്യാനാ, സാഹബിന്റെ (മോദി) ഗവണ്‍മെന്റിന്റെ വിലകൂടിയ സിലിണ്ടറുകള്‍ എല്ലാം മോശമാക്കി’ എന്ന് അവര്‍ പറയുന്നു. മാത്രമല്ല, ഇപ്പോള്‍ കോണ്‍ഗ്രസ് നല്‍കുന്ന ഈ ഒരു ലക്ഷം രൂപയുടെ പിന്തുണയേ ഉള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്മൃതി ഇറാനിയുടെ പ്രശസ്തമായ ‘കഹാനി ഘര്‍ ഘര്‍ കി’യുടെ ക്ലാസിക് വരിയായ ‘റിഷ്ടണ്‍ കെ ഭി രൂപ് ബദല്‍ത്തേ ഹൈം നൈ നൈ സാഞ്ചോ മേ ധാല്‍തേ ഹേ’യും പരസ്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പരിപാടിയില്‍ സ്മൃതി ഇറാനി അവതരിപ്പിച്ച തുളസി വിരാനി എന്ന കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടു തന്നെയാണ് പരസ്യത്തിലെ സ്ത്രീ കഥാപാത്രത്തിനും അതേ പേരും രൂപവും നല്‍കിയിരിക്കുന്നത്.

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചപ്പോള്‍ സ്മൃതി ഇറാനി പ്രതിഷേധത്തിന്റെ മുഖമായിരുന്നു. യുപിഎ ഭരണത്തിനെതിരെ സ്മൃതി റോഡിലിറങ്ങുകയും ശക്തമായ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ അവര്‍ ഉള്‍പ്പെടെയുള്ള ഭരണത്തിന്റെ കീഴില്‍ പാചക വാതക വില 1000 രൂപ കടന്നപ്പോള്‍ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല എന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നിരവധി തവണ സ്മൃതി ഇറാനിയെ ചോദ്യം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ക്കൂടി വിലയിരുത്തപ്പെടുന്ന ഒന്നാണ് കോണ്‍ഗ്രസിന്റെ പുതിയ പരസ്യം.

പരസ്യത്തിനോട് ബിജെപിയില്‍ നിന്നോ സ്മൃതി ഇറാനിയില്‍ നിന്നോ ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.

More Stories from this section

family-dental
witywide