ന്യൂഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 17 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ചൊവ്വാഴ്ച പുറത്തിറക്കി കോണ്‍ഗ്രസ്. ബിഹാറിലെ കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നും മുഹമ്മദ് ജാവേദും കതിഹാര്‍ മണ്ഡലത്തില്‍ നിന്നും താരിഖ് അന്‍വറും പോരിനിറങ്ങും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആന്ധ്രാപ്രദേശ് ഘടകം മേധാവി വൈ. എസ് ശര്‍മിള കഡപ്പയില്‍ നിന്നും മുന്‍ കേന്ദ്രമന്ത്രി എം.എം പള്ളം രാജു ആന്ധ്രാപ്രദേശിലെ കാക്കിനടയില്‍ നിന്നും മത്സരിക്കും.
അതേസമയം, അമേഠിയിലെയും റായ്ബറേലിയിലെയും സുപ്രധാന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സസ്പെന്‍സ് തുടരുകയാണ്.
ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള അജീത് ശര്‍മ, രാജമുണ്ട്രിയില് നിന്നുള്ള ഗിഡുഗു രുദ്ര രാജു, ബപട്ലയില്‍ നിന്നുള്ള ജെ.ഡി സലീം (എസ്സി), ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ നിന്നുള്ള പി.ജി രാമപ്പുല്ലയ്യ യാദവ് എന്നിവരും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി മുനിഷ് തമാങ്ങിനെ പ്രഖ്യാപിച്ചു.
ഒഡീഷയിലെ കോരാപുട്ടില്‍ നിന്നുള്ള നിലവിലെ എംപിയായ സപ്തഗിരി ശങ്കര്‍ ഉലക തന്നെ ഇനിയും പോരിനിറങ്ങും. ബര്‍ഗഡില്‍ നിന്നുള്ള സഞ്ജയ് ഭോയ്, സുന്ദര്‍ഗഡില്‍ നിന്നുള്ള ജനാര്‍ദന്‍ ദെഹുരി, ബൊലാംഗീറില്‍ നിന്നുള്ള മനോജ് മിശ്ര, കലഹണ്ടിയില് നിന്നുള്ള ദ്രൗപതി മാഞ്ചി, നബരംഗ്പൂരില്‍ നിന്നുള്ള ഭുജബല്‍ മാജി , കാണ്ഡമാലില്‍ നിന്നുള്ള അമീര്‍ ചന്ദ് നായക്, ബെര്‍ഹാംപൂരില്‍ രശ്മി രഞ്ജന്‍ പട്നായിക് എന്നിവരാണ് ഒഡീഷയിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍.
ഇതുവരെ 11 ലിസ്റ്റുകളിലായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം 228 ആയി.