‘മലപ്പുറം’ പരാമർശത്തിൽ കലാപാഹ്വാനത്തിന് കേസ് എടുക്കണം; മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും ഒരു ദേശത്തെ മറ്റുള്ളവര്‍ക്കുമുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.

അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ തന്റേതല്ല എന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും, അദ്ദേഹം പറയാത്ത കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഹിന്ദു പത്രം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഭിമുഖം ഏര്‍പ്പാടാക്കിയ പിആര്‍ ഏജന്‍സി എംഡി, ഹിന്ദു പത്രം എഡിറ്റര്‍, ഹിന്ദു പത്രം ഡെപ്യൂട്ടി എഡിറ്റര്‍ എന്നിവര്‍ക്കെതിരെയും കേസ് എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആണ് പരാതി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അഭിമുഖത്തിനിതെരെ പ്രതിപക്ഷ സംഘടനകള്‍ വന്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. തെറ്റിദ്ധാരണകള്‍ക്കും അക്രമങ്ങള്‍ക്കും കാരണക്കാരായ മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനും പിആര്‍ ഏജന്‍സിക്കുമെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിന്‍ വര്‍ക്കി പരാതി നല്‍കിയിരിക്കുന്നത്.

മുസ്ലിങ്ങള്‍ കൂടുതലുള്ള ജില്ലയാണ് മലപ്പുറം. ജില്ലക്കെതിരായും ന്യൂനപക്ഷങ്ങള്‍ക്കെതിരായും നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു പിആര്‍ ഏജന്‍സിയുടെ സഹായത്തോടെ കേരളത്തില്‍ വിദ്വേഷപ്രചാരണം നടത്തി വര്‍ഗീയധ്രുവീകരണത്തിനാണോ ശ്രമിക്കുന്നത് എന്ന സംശയമുണ്ടെന്ന് കാണിച്ചാണ് യൂത്ത് ലീഗ് പരാതി നല്‍കിയിരിക്കുന്നത്.

More Stories from this section

family-dental
witywide