
കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പ്രതി പി കെ കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹതയെന്ന മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ ആരോപണം ഏറ്റെടുത്ത് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത്. കെ പി സി സിയുടെ ‘സമരാഗ്നി’ക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ സുധാകരനും സതീശനും, കുഞ്ഞനന്തന്‍റെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ടി പി കേസിലെ പ്രതിയുടെ സി പി എം നേതാവുമായ കുഞ്ഞനന്തന്‍റെ മരണത്തിൽ പുനഃരന്വേഷണം വേണമെന്നാണ് കെ സുധാകരൻ ആവശ്യപ്പെട്ടത്. സത്യം പുറത്ത് വരും എന്ന ഘട്ടത്തിൽ ആണ് കുഞ്ഞനന്തന്‍റെ മരണം സംഭവിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നതിനാൽ സർക്കാർ അന്വേഷണം നടത്തണം. എല്ലാം വിളിച്ചു പറയും എന്ന് കുഞ്ഞനന്തൻ പറഞ്ഞതായി കേട്ടിരുന്നു. ആ ഘട്ടത്തിൽ ആണ് മരണം സംഭവിച്ചതെന്നും അതുകൊണ്ടുതന്നെ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും കെ പി സി സി അധ്യക്ഷൻ ആവശ്യപ്പെട്ടു.
ടി പി കേസിന് പിന്നിൽ ഉന്നതർ പങ്കെടുത്ത ഗൂഢാലോചന ഉണ്ടെന്നാണ് വി ഡി സതീശൻ പറഞ്ഞത്. കുഞ്ഞനന്തന്‍റെ മരണവും ദുരൂഹമാണ്. അതുകൊണ്ട് ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കെ എം ഷാജിയുടെ ആരോപണം ഇങ്ങനെ
ടി പി കൊലക്കേസിലെ പ്രതിയായ കുഞ്ഞനന്തനെ സി പി എം ദുരൂഹമായി കൊലപ്പെടുത്തിയതാണെന്നാണ് കെ എം ഷാജി കഴിഞ്ഞ ദിവസം ആരോപിച്ചത്. അന്വേഷണം സി പി എം നേതാക്കളിലേക്ക് എത്താതിരിക്കാനായി ആസൂത്രിതമായാണ് കുഞ്ഞനന്തനെ കൊലപ്പെടുത്തിയതെന്നും ഷാജി അഭിപ്രായപ്പെട്ടിരുന്നു. സി പി എം നേതാക്കളിലേക്ക് അന്വേഷണം എത്താൻ സാധ്യതയുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. കുഞ്ഞനന്തൻ മരണപ്പെട്ടത് ജയിലിൽ നിന്നേറ്റ ഭക്ഷ്യ വിഷബാധയെ തുടർന്നാണ്. കൃത്യമായി ആസുത്രണം ചെയ്തതാണ് കുഞ്ഞനനന്തനെ കൊലപ്പെടുത്തിയതെന്നും ഷാജി അഭിപ്രായപ്പെട്ടിരുന്നു. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെഎം ഷാജി പറഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലായിരുന്നു കെ എം ഷാജിയുടെ വിവാദ പ്രസംഗം.
Congress demands probe into Kunjananthan’s death