തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു. സി പി എമ്മും സി പി ഐയും മുസ്ലിം ലീഗുമെല്ലാം സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചരണം ആരംഭിച്ചിട്ടും കോൺഗ്രസിൽ ആശയകുഴപ്പം അവസാനിക്കുന്നില്ല. ഏറ്റവും പ്രധാനമായി 3 സീറ്റുകളിലാണ് ആശയകുഴപ്പമുള്ളത്. വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളാണ് നിലവിൽ കോൺഗ്രസിനെ കുഴപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയടക്കം 15 സിറ്റിംഗ് എം പിമാരുടെ പേരാണ് കേരളത്തിൽ നിന്ന് ദില്ലിക്കയച്ച പട്ടികയിലുള്ളത്. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കണമെന്ന ഉറച്ച നിലപാടിലാണ് കെ പി സി സി. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ആകും അന്തിമ തീരുമാനം കൈക്കൊള്ളുക.
ആലപ്പുഴയിൽ കെ സി വേണു ഗോപാലിന്റെ കാര്യത്തിലും ചർച്ച തുടരുകയാണ്. എ ഐ സി സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായതിനാൽ തന്നെ കെ സിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് ആകും എടുക്കുക. കണ്ണൂരിലാകട്ടെ കെ പി സി സി അധ്യക്ഷന്‍റെ പേരിൽ തട്ടിയാണ് സീറ്റ് ചർച്ച നിൽക്കുന്നത്. സിറ്റിംഗ് എം പിയായ സുധാകരൻ മത്സരിക്കണമെന്ന നിലപാടാണ് കേരളത്തിലെ കോൺഗ്രസിനുള്ളത്. എന്നാൽ ഇക്കാര്യത്തിൽ സുധാകരന്‍റെയും ഹൈക്കമാൻഡിന്‍റെയും അന്തിമ നിലപാട് പ്രധാനമാണ്.
എല്ലാ ചർച്ചകൾക്കും രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്നാണ് നേതൃത്വം പറയുന്നത്. കേരളത്തിലെ സ്ഥാനാർഥി പ്രഖ്യാപനം തിങ്കളാഴ്ച ദില്ലിയില്‍ നടന്നേക്കുമെന്ന സൂചനയും അവർ നൽകുന്നുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ ചര്‍ച്ചക്കായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉടൻ തന്നെ ദില്ലിയിലെത്തും. ഹൈക്കമാൻഡുമായുള്ള ഇവരുടെ ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Congress final candidate list includes Rahul Gandhi K Sudhakaran KC Venugopal kerala election 2024