വിഡി സതീശനെതിരായ ആരോപണം, വനിതാ നേതാവ് സിമി റോസ് ബെല്‍ ജോണിനെ കോൺഗ്രസ് പുറത്താക്കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർക്കെതിരെ ആരോപണമുന്നയിച്ച മുൻ എ ഐ സി സി അംഗം സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്‍റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല എന്ന ആരോപണമാണ് കഴിഞ്ഞ ദിവസം സിമി സ്വകാര്യ ടി വി ചാനലിലൂടെ ഉന്നയിച്ചത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളെയടക്കം അധിക്ഷേപിച്ച പരാമർശം നടത്തിയതിന് മുന്‍ എ ഐ സി സി അംഗവും പി എസ് സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി പുറത്താക്കിയെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജുവാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്നാണ് കെ പി സി സി വാർത്താക്കുറിപ്പിലൂടെ പറഞ്ഞത്. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിലേയും കെ പി സി സി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്‍കിയ പരാതിയില്‍ കെ പി സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സിമി റോസ് ബെല്‍ ജോണിന്റെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്നും കെ പി സി സി വാർത്താക്കുറിപ്പിലൂടെ വിവരിച്ചു.

More Stories from this section

family-dental
witywide