
ലഖ്‌നൗ: കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് ശക്തമായ മറുപടിയുമായി കോൺഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്ത്. നരേന്ദ്ര മോദിക്ക് ചരിത്രമറിയില്ലെന്നും ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ മുദ്രപേറുന്നതെന്നതാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചരിത്രമറിയില്ല. ഹിന്ദു മഹാസഭയുടെ പ്രസിഡന്റായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി, ബംഗാളില്‍ മുസ്ലിം ലീഗിനൊപ്പം സഖ്യസര്‍ക്കാരിന്‍റെ ഭാഗമായിരുന്നു. സിന്ധിലും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലും ഹിന്ദു മഹാസഭ മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കി. ഭിന്നിപ്പിൻ്റെ രാഷ്ട്രീയം പ്രയോഗിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അത്തരം രാഷ്ട്രീയം കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരകാലത്ത് മുസ്‌ലിം ലീഗിലുണ്ടായിരുന്ന അതേ ചിന്താധാരയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലും പ്രതിഫലിക്കുന്നതെന്നായിരുന്നു മോദി പറഞ്ഞത്. മുസ്‌ലിം ലീഗിന്റെ മുദ്രപേറിക്കൊണ്ടുള്ളതാണ് കോണ്‍ഗ്രസ് പ്രകടനപത്രിക. ബാക്കിയുള്ളിടത്ത് ഇടതുപക്ഷത്തിന്റെ ആധിപത്യവും കാണാമെന്നും മോദി വിമർശിച്ചു.
ഇന്ത്യയുടെ പ്രതീക്ഷകളില്‍നിന്നും അഭിലാഷങ്ങളില്‍നിന്നും പൂര്‍ണമായി വേര്‍പെട്ടു നില്‍ക്കുന്നതാണ് കോണ്‍ഗ്രസ് പാർട്ടിയെന്നും അധികാരത്തിലെത്തിയ ശേഷം കമ്മിഷന്‍ കൈപ്പറ്റുക എന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും മോദി വിമർശിച്ചു.
Congress leader Jairam ramesh reply to PM Modi