കൽപ്പറ്റ: വയനാട് മണ്ഡലത്തെ ഇളക്കിമറിച്ച് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി പ്രചരണ രംഗത്തെത്തി. ഒരു മണിക്കൂറിലേറെ നീണ്ട വൻ ജനപങ്കാളിത്തം ഉള്ള റോഡ് ഷോ മണ്ഡലത്തിൽ വലിയ ആവേശമാണ് പകർന്നത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും രാഹുലിനൊപ്പം റോഡ് ഷോയിൽ അണിനിരന്നു. ഇതിന് ശേഷം രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രികയും സമർപ്പിച്ചു.
റോഡ് ഷോയും കൂടുതൽ വിവരങ്ങളും
വയനാട്ടിൽ ഹെലികോപ്ടാർ ഇറങ്ങിയ രാഹുൽ ഗാന്ധി കൽപ്പറ്റ പുതിയ ബസ്റ്റാൻഡിന് സമീപമെത്തിയാണ് റോഡ് ഷോയ്ക്ക് തുടക്കമിട്ടത്. തുറന്ന വാഹനത്തിൽ രാഹുൽ ഒപ്പം പ്രിയങ്കയും വോട്ടർമാരെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിൽ ഇത്തവണ ലീഗിന്‍റെ പതാകയും കോൺഗ്രസിന്‍റെ പതാകയും ഒഴിവാക്കിയാണ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തത്. ആവേശം ചോരാതെ ആയിരങ്ങൾ ഒരു മണിക്കൂറോളം റോഡ് ഷോയെ അനുഗമിച്ചു. റോഡ് ഷോ പൂർത്തിയാക്കി രാഹുൽ, തുറന്ന വാഹനത്തിലിരുന്ന് പ്രവർത്തകരോട് സംവദിച്ചു. രാഷ്ട്രീയം പറയാതെ ഇടത് ഐക്യമുന്നണികളിലെ പ്രവർത്തകരെ കുടുംബാംഗങ്ങൾ എന്ന് വിശേഷിപ്പിച്ചായിരുന്നു പ്രസംഗം.
ഇതിന് ശേഷം കളക്ട്രേറ്റിലെത്തി കലക്ടർ രേണു രാജ് മുമ്പാകെ രാഹുൽ പത്രിക നൽകി. പ്രിയങ്ക ഗാന്ധിയും കൂടെയുണ്ടായിരുന്നു. ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുൽ മണ്ഡലത്തിൽ തിരിച്ചെത്തുക. അതിനുശേഷം ഏഴു ദിവസം മണ്ഡലത്തിൽ രാഹുൽ സജീവമാകും. രാഹുലിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ വർധിക്കും എന്നാണ് നേതാക്കളെല്ലാം പ്രതികരിച്ചത്.
Congress leader Rahul Gandhi files nomination in Wayanad Lok Sabha election 2024 news