ന്യൂയോർക്ക്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ യു എസ് സന്ദർശനത്തിനിടെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തതെന്ന് പരാതി. ഇന്ത്യ ടുഡേ റിപ്പോർട്ടർ രോഹിത് ശർമയാണ് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി ഉയർത്തിയത്. ബംഗ്ലദേശിലെ ഹിന്ദു സമൂഹത്തെക്കുറിച്ച് രാഹുൽ എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് സാം പിത്രോദയോട് ചോദ്യമുന്നയിച്ചതിന്റെ പേരിലാണ് കയ്യേറ്റമുണ്ടായതെന്ന് രോഹിത് ആരോപിച്ചു. സംഭവം വലിയ വിവാദമായതോടെ ആദ്യം പ്രതികരിക്കാതിരുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദ പിന്നീട് മാപ്പ് പറഞ്ഞ് രംഗത്തെത്തി.
കഴിഞ്ഞ ശനിയാഴ്ച ടെക്സസിലെ ഡാലസിൽ രാഹുൽ സന്ദർശനം നടത്തുന്നതിന് മുന്നോടിയായാണ് രോഹിത് സാം പിത്രോദയെ കണ്ടത്. ടെക്സസിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. രോഹിതിന് പിത്രോദ അനുവദിച്ച പ്രത്യേക അഭിമുഖത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ബംഗ്ലദേശിനെ കുറിച്ചുള്ള ചോദ്യം ഉയർന്നത്. യു എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കിടയിൽ ബംഗ്ലദേശിലെ ഹിന്ദുക്കളുടെ കൊലപാതകത്തെക്കുറിച്ച് രാഹുൽ സംസാരിക്കുമോ എന്നായിരുന്നു ചോദ്യം. എന്നാൽ അഭിമുഖം നടന്ന ഹാളിലുണ്ടായിരുന്ന ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായെന്നും പിത്രോദ മറുപടി പറയും മുന്നേ തന്നെ കയ്യേറ്റം ചെയ്തെന്നുമാണ് രോഹിത് പരാതി പറഞ്ഞത്.
സംഭവം വിവിധ സംഘപരിവാർ സംഘടനകൾ കോൺഗ്രസിനെതിരെ ആയുധമാക്കിയിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നുമായിരുന്നു സാം പിത്രോദ ആദ്യം പ്രതികരിച്ചത്. എന്നാൽ പിന്നീട് രോഹിത് ശർമയെ വിളിച്ച് ക്ഷമ ചോദിച്ചെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.