‘ഈ വിയോഗം ഞങ്ങളെ അനാഥമാക്കുന്നു. ദുഃഖം ഘനീഭവിക്കുന്നു, സങ്കടം കടലാകുന്നു’; എംടിയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് സതീശനും സുധാകരനും ചെന്നിത്തലയും

തിരുവനന്തപുരം: മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനെയാണ് നഷ്ടപ്പെട്ടതെന്നാണ് സതീശൻ അഭിപ്രായപ്പെട്ടത്. ചവിട്ടി നില്‍ക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കി കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. എം ടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നുവെന്നാണ് സുധാകരൻ പറഞ്ഞത്. ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നുവെന്നും കെ പി സി സി അധ്യക്ഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാളം ഉള്ളിത്തോളം കാലം എം ടിക്ക് മരണമില്ലെന്നാണ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞത്.

പ്രതിപക്ഷ നേതാവിന്റെ അനുശോചന കുറിപ്പ്

ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യന്‍. ചവിട്ടി നില്‍ക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കി കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്. ആ പേനയില്‍ നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്ന് ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എം.ടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടത് കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടി. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്ക് പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’ – എന്ന് എം.ടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ത്ഥവത്താണ്. അത് ജീവിതം കൊണ്ട് തെളിഞ്ഞതുമാണ്. മനുഷ്യനേയും മനുഷ്യനേയും ചേര്‍ത്ത് നിര്‍ത്തിയ സ്‌നേഹ സ്പര്‍ശമായിരുന്നു എം.ടി .അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ കണ്‍മുന്നില്‍ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്‌ക്കരിച്ച, ആത്മസംഘര്‍ഷങ്ങളും സങ്കടചുഴികളും നഷ്ട്ടപ്പെടലിന്റെ വേദനയും ആഹ്ളാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നു. ‘വടക്കന്‍ വീരഗാഥ’യിലെ ചന്തുവിനെ കണ്ട ശേഷമാണ് വില്ലന്‍മാരെന്ന് സമൂഹം മുദ്രകുത്തിയവരെ കുറിച്ച് ഞാന്‍ മാറി ചിന്തിച്ച് തുടങ്ങിയത്. ‘നിര്‍മ്മാല്യ’ത്തിലെ വെളിച്ചപ്പാട് ഭയപ്പെടുത്തി. ‘സദയ’ത്തിലെ സത്യനാഥന്‍ എന്നെ അസ്വസ്ഥനാക്കി. ‘സുകൃത’ത്തിലെ രവിശങ്കര്‍ നോവായി മനസില്‍ നിന്നു. ‘പരിണയ’ത്തിലെ ഉണ്ണിമായ അന്തര്‍ജനത്തിന്റെ നിസഹായാവസ്ഥ പിടിച്ചുലച്ചു. എം.ടിയുടെ കഥകളും നോവലുകളും ലേഖനങ്ങളും ആത്മാവ് തൊട്ട് വായിച്ചൊരാളാണ് ഞാന്‍. മനുഷ്യനെയും പ്രകൃതിയെയും ഉള്‍പ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങള്‍ക്ക് തന്നതിന് നന്ദി. അങ്ങയുടെ അസാന്നിധ്യത്തിലും വീണ്ടും വീണ്ടും കരുത്താര്‍ജ്ജിക്കാനുള്ള വിഭവങ്ങള്‍ അങ്ങ് തന്നെ തന്നിട്ടുണ്ടല്ലോയെന്ന് ആശ്വസിക്കാം.’മരണം പിറവി പോലെ തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്, ആഘോഷമാണ്’. ‘സ്വര്‍ഗം തുറക്കുന്ന സമയ’ത്തില്‍ എം.ടി ഇങ്ങനെ പറയുന്നു. പക്ഷേ, ഈ വിയോഗം ഞങ്ങളെ അനാഥമാക്കുന്നു. ദുഃഖം ഘനീഭവിക്കുന്നു. സങ്കടം കടലാകുന്നു.

കെ സുധാകരന്റെ അനുശോചനം

മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി അനുശോചിച്ചു. എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു.ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നു.ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂര്‍ എന്ന വള്ളുവനാടന്‍ ഗ്രാമത്തിന്റെ സവിശേഷമായ ഭംഗിയും ഭാഷാരീതിയും മലയാള കഥാരംഗത്ത് എംടിയിലൂടെ ആധിപത്യം നേടി. ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയില്‍ കഥകള്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആസ്വാദക തലങ്ങളെ വല്ലാതെ സ്പര്‍ശിച്ചിരുന്നു.അതുകൊണ്ടാണ് തലമുറകളുടെ ഭേദമില്ലാതെ എംടിയുടെ രചനകളെ വായനക്കാര്‍ ഏറ്റെടുത്തത്. വൈകാരിക സംഘര്‍ഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങള്‍ വായനക്കാരില്‍ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു എംടിയുടേത്. എഴുത്തിനോട് എക്കാലവും നീതി പുലര്‍ത്തിയ സാഹിത്യകാരനാണ്. താന്‍ മുന്‍പെഴുതിയതിനെക്കാള്‍ മെച്ചപ്പെട്ട ഒന്ന് എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുതാതിരിക്കുക എന്ന നിഷ്ഠ എംടിയുടെ സൃഷ്ടികള്‍ ഓരോന്നിനെയും മികവുറ്റതാക്കി.മലയാളത്തിന്റെ നന്മ ലോകത്തോട് വിളിച്ച് പറഞ്ഞ സാഹിത്യകാരന്‍ എംടിയുടെ വേര്‍പാട് സാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

മലയാളം ഉള്ളിത്തോളം കാലം എം.ടിക്ക് മരണമില്ല: രമേശ് ചെന്നിത്തല

മലയാള സാഹിത്യത്തില്‍ ഇതിഹാസമായിരുന്നു എം.ടി വാസുദേവന്‍നായരെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവര്‍ത്തിയായ രചനകളാണ് എം.ടിയുടേത്. സാഹിത്യം, സിനിമ, പത്രപ്രവര്‍ത്തനം തുടങ്ങി എം.ടിതൊട്ടതെല്ലാം പൊന്നായി മാറി. മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു മഹനായ ആ സാഹിത്യകാരനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ സി വേണുഗോപാലിന്റെ അനുശോചനം

വിഖ്യാത സാഹിത്യകാരനും കഥകളുടെ പെരുന്തച്ചനുമായ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.മാനവികതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിച്ച സാഹിത്യകാരനായിരുന്നു എംടി.നമ്മുടെ സ്വകാര്യതകളില്‍ താലോലിച്ച സ്വപ്‌നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം എംടിയുടെ കഥാപാത്രങ്ങളില്‍ എപ്പോഴും നമുക്ക് ദര്‍ശിക്കാന്‍ കഴിയും.ആര്‍ദ്രമായ പ്രണയവും ഹൃദയഭേദകമായ നൊമ്പരവും അടങ്ങാത്ത ആനന്ദവും എല്ലാം അതിന്റെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ അക്ഷരങ്ങളിലൂടെ പകര്‍ന്ന് നല്‍കിയ മലയാളത്തിന്റെ പുണ്യമായിരുന്ന എംടി ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു.മനസിലും ചിന്തയിലും ഗ്രഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകരുന്ന അക്ഷരങ്ങള്‍ കൊണ്ട് മായികലോകം സൃഷ്ടിക്കുകയും ആ നിര്‍വൃതിയില്‍ തലമുറകളിലെ ആസ്വാദകരെ മോഹിപ്പിക്കുന്ന കഥാപ്രഞ്ചമായിരുന്നു എംടിയുടെ വിയോഗം സാഹിത്യമേഖലയ്ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ വലിയ നഷ്ടമാണ്. ദീർഘകാലത്തെ ഊഷ്മള ബന്ധമാണ് തനിക്ക് എംടിയുമായി ഉണ്ടായിരുന്നത്. നിരവധി പൊതുപരിപാടികളിൽ അദ്ദേഹവുമായി വേദി പങ്കിടാൻ അവസരം ലഭിച്ചിട്ടുണ്ട്. നവതി ആഘോഷങ്ങളുടെ നിറവിൽ നിന്ന അദ്ദേഹത്തെ കോഴിക്കോടുള്ള വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഗുരുതര രോഗാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ മകൾ അശ്വതിയെ ഫോണിൽ വിളിച്ച് അദ്ദേഹത്തിൻറെ ആരോഗ്യനിലയെ സംബന്ധിച്ച് തിരക്കിയിരുന്നു. ചികിത്സാ പുരോഗതി സംബന്ധിച്ച് ഡോക്ടർമാരോടും ആശയവിനിമയം നടത്തിയിരുന്നു. ജീവിതത്തിലേക്ക് എം ടി മടങ്ങിവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യപ്രതിഭയായ എഴുത്തുകാരനായിരുന്നു എം.ടി.കഥകളും ഭാഷയും സാഹിത്യവും ഉള്ളിടത്തോളം കാലം എംടിക്ക് മരണമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

More Stories from this section

family-dental
witywide