ന്യൂഡൽഹി: അമേഠി, റായ്ബറേലി സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസിൽ ഇന്ന് തീരുമാനമുണ്ടായേക്കും. കോൺഗ്രസിന്റെ സെന്റട്രൽ ഇലക്ഷൻ കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ സീറ്റുകളിൽ ആര് സ്ഥാനാർഥിയാവണമെന്നത് സംബന്ധിച്ച് ചർച്ചയുണ്ടാകുമെന്നാണ് സൂചന.
ഉത്തർപ്രദേശിലെ കോൺഗ്രസിലെ നേതാക്കൾ ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. ഉത്തർപ്രദേശ് ചുമതലയുള്ള എ.ഐ.സി.സി അംഗം അവിനാഷ് പാണ്ഡയേയും യോഗത്തിന് വിളിച്ചിട്ടുണ്ട്. അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബം തന്നെ മത്സരിക്കണമെന്ന നിർദേശം യുപി കോൺഗ്രസ് സെന്റട്രൽ ഇലക്ഷൻ കമിറ്റിക്ക് മുമ്പാകെ വെച്ചിരുന്നു. അതേസമയം, ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.
അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേഠിയിൽ 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ ബിജെപി നേതാവ് സ്മൃതി ഇറാനി തോൽപിച്ചിരുന്നു. ഇക്കുറിയും സ്മൃതി ഇറാനിയെ തന്നെയാണ് ബിജെപി മണ്ഡലത്തിൽ കളത്തിലിറക്കിയിരിക്കുന്നത്.
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര അമേഠി സീറ്റിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. രാജ്യം മുഴുവൻ താൻ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യപ്പെടുന്നുവെന്ന് റോബർട്ട് വദ്ര പറഞ്ഞിരുന്നു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സ്മൃതി ഇറാനി പരാജയപ്പെട്ടുവെന്നും വദ്ര വ്യക്തമാക്കിയിരുന്നു.