
ദില്ലി: ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന ഇലോൺ മസ്ക് ചില തിരക്കുകൾ കാരണം സന്ദർശനം മാറ്റുന്നതായി അറിയിച്ചു. ഇലോൺ മസ്കക്കിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് വാർത്താ ഏജൻസിക്ക് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനു മുന്നോടിയായിട്ടാണ് മസ്ക് സന്ദർശനം നിശ്ചിയിച്ചിരുന്നത്. 300 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
മോദിയുടെ യുഎസ് സന്ദർശന വേളയിൽ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. കേന്ദ്രം പുതിയ വൈദ്യുത വാഹന നയത്തിന് അംഗീകാരം നൽകിയതിനു പിന്നാലെ മസ്കിന്റെ ഇന്ത്യാ സന്ദർശനം വാർത്തയായി. ടെസ് ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം സന്ദർശനം മാറ്റുന്നു എന്നാണ് മസ്ക്ക് വ്യക്തമാക്കുന്നത്.
ഈ വർഷം തന്നെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും മസ്ക്ക് ഏക്സിൽ കുറിച്ചു. മസ്‌കിന്‍റെ വരവ് റദ്ദാക്കിയത് വലിയ ചർച്ചകൾക്കാണ് ഇടയാക്കിയിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പിനിടെ മസ്ക് മോദിയെ കാണുന്നത് ബി ജെ പി അധികാരത്തിൽ തിരികെ എത്തും എന്ന വ്യവസായികളുടെ വിലയിരുത്തലിന്‍റെ തെളിവായാണ് പാർട്ടി നേതാക്കൾ അവതരിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാനാണ് മസ്കിന്‍റെ തീരുമാനമെന്നാണ് വ്യക്തമാകുന്നു.
ഇലോണ്‍ മസ്ക്കിന്റെ സന്ദർശനം പ്രചാരണവിഷയമാക്കാൻ ബി ജെ പി ഒരുങ്ങുന്നതിനിടെയുള്ള അപ്രതീക്ഷിത പിൻമാറ്റം കോണ്‍ഗ്രസ് ആയുധമാക്കുകയാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സൂചന ഇലോണ്‍ മസ്കിന് മനസ്സിലായെന്നാണ് ജയ്റാം രമേശ് പറഞ്ഞത്. ഭരണം ഒഴിയാനിരുന്ന പ്രധാനമന്ത്രിക്ക് പകരം ഇന്ത്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രിയായിരിക്കും ഇനി ഇലോണ്‍ മസ്കിനെ സ്വീകരിക്കുകയെന്നും കോൺഗ്രസ് വക്താവ് പ്രതികരിച്ചു.
Congress on postponement of Elon Musk’s India visit