
ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടി കങ്കണ റണാവത്തിനെ കുറിച്ചുള്ള പരാമർശത്തിൽ രോഷം പുകയുന്നതിനിടെ, സുപ്രിയ ശ്രീനേതിനു ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച് കോൺഗ്രസ്. 2019ൽ സുപ്രിയ മത്സരിച്ച സീറ്റിൽ ഇക്കുറി കോൺഗ്രസ് വീരേന്ദ്ര ചൗധരിയെ പ്രഖ്യാപിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നിന്ന് സുപ്രിയ മത്സരിച്ചെങ്കിലും ബിജെപിയുടെ പങ്കജ് ചൗധരിയോട് പരാജയപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയ മേധാവി എന്ന നിലയിൽ തൻ്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും തന്നെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രിയ ശ്രീനേത് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പകരം ഒരു സ്ഥാനാർത്ഥിയെ താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
മണ്ഡിയിൽ ബിജെപി സ്ഥാനാർത്ഥിയായി കങ്കണയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തിങ്കളാഴ്ച സുപ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കങ്കണക്കെതിരെയുള്ള അശ്ലീല പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ സുപ്രിയ പോസ്റ്റ് പിൻവലിക്കുകയും അക്കൗണ്ട് ഹാക്ക് ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കങ്കണ സുപ്രിയയ്ക്ക് മറുപടി നൽകിയിരുന്നു.