കോൺഗ്രസിൻ്റെ സമരാഗ്നി പ്രക്ഷോഭത്തിന് തുടക്കമായി; മോദിയും പിണറായിയും തമ്മിൽ അന്തർധാരയുണ്ടെന്ന് കോൺഗ്രസ് ആരോപണം

കാസര്‍കോട്: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന കോൺഗ്രസിൻ്റെ സമരാഗ്നി പ്രക്ഷോഭത്തിന് കാസര്‍കോട്ട് തുടക്കമായി. പിണറായിയുടെ ഏകാധിപത്യത്തിനും നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനും എതിരെയാണ് ഈ യാത്രയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. പിണറായിക്ക് എതിരെ ഉയർന്നു വന്ന കേസുകളിലൊന്നും പ്രതിയാകാത്തത് ബിജെപിയുമായുള്ള അന്തർധാര കാരണമാണെന്നും കെ സുധാകരൻ ആരോപിച്ചു. എസ്എന്‍സി ലാവലിന്‍ കേസ് എന്തായി? സ്വർണക്കടത്ത് എന്തായി? 14 അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് എതിരെ ഉയർന്നു വന്നു. കൃത്യമായി അന്വേഷണം നടന്നിരുന്നു എങ്കിൽ പിണറായി ജയിലിൽ പോയേനെയെന്നും കെ സുധാകരൻ ആരോപിച്ചു.

വൈകിട്ട് മുനിസിപ്പല്‍ മൈതാനത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമരാഗ്നി പ്രക്ഷോഭ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ 42 % ചെറുപ്പക്കാരും തൊഴിലില്ലായ്മ അനുഭവിക്കുകയാണെന്നും പത്ത് വർഷം കൊണ്ട് കർഷകർക്ക് ശരാശരി ഒരു ലക്ഷം രൂപയുടെ കടബാധ്യത വരുത്തിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നരേന്ദ്ര മോദിക്ക് മുന്നിൽ കവാത്ത് മറക്കുന്ന പിണറായി ഗവർണറോട് ഏറ്റ്മുട്ടി ശ്രദ്ധ തിരിക്കുകയാണ്. ബംഗാൾ മോഡലിലേക്ക് സി പി എമ്മിനെ കൊണ്ടെത്തിക്കാൻ ക്വട്ടേഷൻ എടുത്ത നേതാവാണ് പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

ഫാസിസവും കമ്മ്യൂണിസവും സന്ധി ചെയ്തത് രണ്ടാം ലോക മഹായുദ്ധത്തിലെ കറുത്ത എടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇവിടെ മോഡിയും പിണറായിയും സന്ധി ചെയ്യുന്നു. കള്ളപ്പണ കേസിലും സ്വര്‍ണക്കടത്തിലും ലൈഫ് കേസിലും പിണറായിയെ മോദി സഹായിച്ചപ്പോൾ കുഴൽപണ കേസിൽ തിരിച്ച് സഹായിച്ചു -വിഡി സതീശൻപറഞ്ഞു.

സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കാസര്‍കോട്ട് പരിപാടി നാളെ രാവിലെ പത്തിന് നടക്കും. 29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം.

Congress Samaragniprotest began at Kasargod today

More Stories from this section

family-dental
witywide