‘സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയില്ല’: പാര്‍ട്ടി വിട്ടതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വ്യക്തമായ ദിശാബോധമില്ലെന്നും സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നും ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പാര്‍ട്ടി വിട്ടു. സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റിലാണ് പാര്‍ട്ടിയുടെ ദിശാബോധമില്ലായ്മയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്ന ദിശാബോധമില്ലാത്ത പാത തന്നെ അസ്വസ്ഥനാക്കുന്നുവെന്നും തനിക്ക് സനാതന വിരുദ്ധ മുദ്രാവാക്യങ്ങളെ പിന്തുണയ്ക്കാനോ രാജ്യത്തിന്റെ സമ്പത്ത് സൃഷ്ടിക്കുന്നവരെ ദിവസവും വിമര്‍ശിക്കാനോ കഴിയില്ലെന്നും അതിനാല്‍, കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവയ്ക്കുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച രണ്ട് പേജുള്ള രാജിക്കത്തും ഗൗരവ് വല്ലഭ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ബോക്സര്‍ വിജേന്ദര്‍ സിംഗ് ബിജെപിയിലേക്ക് ചുവടുമാറ്റിയതിനു പിന്നാലെയാണ് ഗൗരവ് വല്ലഭിന്റെയും രാജി എത്തിയിരിക്കുന്നത്.

2019-ല്‍ ഝാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ ഈസ്റ്റില്‍ നിന്ന് വല്ലഭ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് 2023ല്‍ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദയ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയെങ്കിലും പരാജയം തന്നെയായിരുന്നു ഫലം.

More Stories from this section

family-dental
witywide