ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിൻ്റെ ഔദ്യോഗിക സ്ഥാനാർഥികൾക്ക് എതിരെ മത്സരിച്ച 28 വിമത സ്ഥാനാർത്ഥികളെ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) സസ്പെൻഡ് ചെയ്തു. 21 സ്ഥാനാർത്ഥികളെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെ ഏഴെ പേരെ കൂടി സസ്പെൻഡ് ചെയ്തു. 22 മണ്ഡലങ്ങളിലായി ആകെ 28 പേർ പുറത്തായി. മുൻ മന്ത്രി രാജേന്ദ്ര മുലക് (രാംടെക് നിയോജകമണ്ഡലം), യാജ്ഞവൽക് ജിച്ച്‌കർ (കറ്റോൾ), കമൽ വ്യാവാരെ (കസ്ബ), മനോജ് ഷിൻഡെ (കോപ്രി പച്പഖാഡി), ആബ ബാഗുൽ (പാർവതി) എന്നിവരും നടപടി നേരിട്ട പ്രമുഖ നേതാക്കളാണ്.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അണികൾക്കുള്ളിൽ ഐക്യം നിലനിർത്താൻ പാർട്ടി ശ്രമിക്കുന്നതിനിടെയാണ് ഈ അച്ചടക്ക നടപടി.
എംവിഎയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന എല്ലാ പാർട്ടി വിമതരും ആറ് വർഷത്തെ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്ന് മഹാരാഷ്ട്ര ചുതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഈ വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും, ഫലം നവംബർ 23ന് പ്രഖ്യാപിക്കും.
Congress suspended 28 rebel candidates in Maharashtra