അമേഠിയില്‍ രാഹുലോ പ്രിയങ്കയോ ആര് വന്നാലും തോല്‍ക്കും: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വിഐപി മണ്ഡലമെന്ന് വിലയിരുത്തപ്പെടുന്ന അമേഠിയില്‍ നിലവിലെ എം.പിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇതിനു ശേഷം കോണ്‍ഗ്രസിനെ പരക്കെ വിമര്‍ശിച്ച സ്മൃതി ഇറാനി അമേഠിയില്‍ കോണ്‍ഗ്രസ് ആരെ നിര്‍ത്തിയാലും തോല്‍ക്കുമെന്നും എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

2019-ല്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ തോല്‍പ്പിച്ച സ്മൃതി ഇറാനി, മണ്ഡലത്തിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിലെ കോണ്‍ഗ്രസ് കാലതാമസത്തെയും പരിഹസിച്ചു. അമേഠി തങ്ങള്‍ക്ക് നഷ്ടമാകുന്ന സീറ്റാണെന്ന് നേതൃത്വത്തിന് അറിയാമെന്നും കാരണം അവരുടെ വിജയത്തെക്കുറിച്ച് അവര്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍, അവര്‍ ഇപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമായിരുന്നുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. അമേഠിയില്‍ രാഹുലോ പ്രിയങ്കയോ ആര് വന്നാലും തോല്‍ക്കുമെന്നും ഈ രണ്ടുപേരും പ്രദേശത്ത് നിന്ന് വിട്ടുനില്‍ക്കുന്ന രാഷ്ട്രീയക്കാരാണെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഊഹാപോഹങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. രാഹുലും പ്രിയങ്കയും മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കേരളത്തില്‍, രാഹുലിന്റെ മണ്ഡലമായ വയനാട്ടില്‍ വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍ അഭ്യൂഹങ്ങള്‍ക്ക് ഉടന്‍ വിരാമം വീഴുമെന്നാണ് പൊതുവേ വിലയിരുത്തല്‍.

More Stories from this section

family-dental
witywide