ദില്ലി: ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ പാർലമെന്‍റിൽ നടന്ന ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. ലോക്സഭയിൽ നടന്ന ചർച്ച അഭിമാനകരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യൻ ഭരണഘടനയുടെ മാഹാത്മ്യം വർണിച്ചുകൊണ്ടാണ് പ്രസംഗം കുടങ്ങിയത്. ഭാരതീയ സംസ്കാരം ലോകത്തിന് മാതൃകയാണെന്നും ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും അഭിപ്രായപ്പെട്ട മോദി, ഭരണഘടനാ ശിൽപ്പികളെ സ്മരിക്കുകയും ചെയ്തു. പിന്നീട് അടിയന്തരാവസ്ഥയടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടി ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും കടന്നാക്രമിച്ച പ്രധാനമന്ത്രി, ഒരു ഘട്ടത്തിൽ നെഹ്റുവിനെതിരെയും രൂക്ഷ വിമർശനം തൊടുത്തു.
കോൺഗ്രസ് ഭരണകാലത്തെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്നും ആ പാപത്തിൽ നിന്ന് കോൺഗ്രസിന് ഒരിക്കലും മോചനമില്ലെന്നുമായിരുന്നു മോദിയുടെ വിമർശനം. ഭരണഘടനയുടെ ശക്തി കൊണ്ടാണ് തന്നെപ്പോലൊരാൾക്ക് പോലും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ആകാൻ കഴിഞ്ഞതെന്നും മോദി പറഞ്ഞു. ഭരണഘടനയെ ഞങ്ങൾ ആരാധിക്കുന്നുവെന്നും കോൺഗ്രസ് അതിനെ കൊല്ലുകയാണ് ചെയ്തതെന്നും മോദി കൂട്ടിച്ചേർത്തു. കോൺഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകർക്കാൻ ശ്രമിച്ചു. സ്വന്തം നേട്ടത്തിനായി നെഹ്റുവാണ് ആദ്യം ഭരണഘടനയെ അട്ടിമറിച്ചത്. 1947 വരെ 1952 ഈ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലായിരുന്നു. സ്വന്തം നേട്ടത്തിനായി നെഹ്റു ഭരണഘടനയെ അട്ടിമറിച്ചതായിരുന്നു അത്. നെഹ്രുവിൻ്റെ നീക്കങ്ങളെ അന്നത്തെ രാഷ്ട്രപതിക്ക് എതിർക്കേണ്ടി വന്നു.
ആദ്യം പാപം നെഹ്റു ചെയ്തു. പിന്നീട് ഇന്ദിര ഗാന്ധി പാപം തുടർന്നുവെന്നും മോദി കുറ്റപ്പെടുത്തി.1971 ൽ ഇന്ദിരാഗാന്ധിയും ആ പാപം ചെയ്തു. കോടതികളുടെ അധികാരം ഇന്ദിര കവർന്നു. 60 വർഷത്തിനിടെ 75 തവണയാണ് കോൺഗ്രസ് ഭരണഘടനയെ അട്ടിമറിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു. ഷാബാനു കേസിൽ രാജീവ് ഗാന്ധി സുപ്രീം കോടതി വിധി അട്ടിമറിച്ചു. വോട്ട് ബാങ്കിനായി ഷാബാനുവിന് നീതി നിഷേധിച്ചു. വിധ്വംസക ശക്തികളുമായി രാജീവ് ഗാന്ധി ചേർന്ന് പ്രവർത്തിച്ചെന്നും മോദി വിമർശിച്ചു. ഭരണഘടനയെ അട്ടിമറിച്ച് പ്രധാനമന്ത്രിയുടെ മുകളിലായിരുന്നു ഒരു കുടുംബാംഗത്തിൻ്റെ പദവിയെന്ന് സോണിയ ഗാന്ധിയെ ലക്ഷ്യം വച്ചും മോദി വിമർശനം തൊടുത്തു. അഹങ്കാരിയായ വ്യക്തി മന്ത്രിസഭ തീരുമാനം മാധ്യമങ്ങളുടെ മുൻപിൽ കീറിയെറിഞ്ഞെന്ന് രാഹുൽ ഗാന്ധിയെ ഉന്നമിട്ടും പ്രധാനമന്ത്രി വിമർശിച്ചു.