
ന്യൂഡൽഹി: കോൺഗ്രസിന്റെ സമ്മുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് വ്യക്തമായി. അനിശ്ചിതത്വത്തിന് ശേഷമാണ് ഇന്ന് ബിജെപിയിൽ ചേരുമെന്ന് തീരുമാനിച്ചത്. തലസ്ഥാനമായ ഡൽഹിയിലെത്തിയ പദ്‍മജ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ബിജെപിയിൽ അംഗത്വമെടുക്കുക. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയാണ് ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിന് കാരണമെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് മുൻപ് പദ്മജ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചേക്കും.
പാർട്ടിയിൽ സീനിയറായ തനിക്ക് രാജ്യസഭാ സീറ്റ് നൽകാത്തതും ജൂനിയറായവർക്ക് സീറ്റ് നൽകിയതുമാണ് പത്മജയെ ബിജെപിയിലേക്ക് പോകാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറാൻ ശ്രമിച്ചത് ജില്ലാ നേതാക്കൾ തടഞ്ഞതും കാരണമാായി. പൊതുമധ്യത്തിൽ തന്നെ അവഹേളിച്ചെന്നാണ് പത്മജ പറയുന്നത്. അതിനിടെ കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
പദ്മജ ബിജെപിയിൽ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവർതന്നെ രംഗത്തുവന്നിരുന്നു. എന്നാൽ, കോൺഗ്രസിനെ ഞെട്ടിച്ച് മണിക്കൂറുകൾക്കകം അവർ നിലപാട് മാറ്റി.
Congress woman leader padmaja venugopal join BJP