കോഴിക്കോട്: സമസ്തയിൽ പൊട്ടിത്തെറി. മുശാവറയിൽ നിന്ന് ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങി പോയി. ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നാണ് ഇറങ്ങിപ്പോക്ക്. ഇന്ന് കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിനിടെയാണ് സമസ്ത അധ്യക്ഷൻ ഇറങ്ങിപ്പോയത്. തുടർന്ന് ഉപാധ്യക്ഷൻ യോഗം പിരിച്ചുവിട്ടു. ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനാണ് അദ്ദേഹത്തോട് മാറിനിൽക്കാൻ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മാറി നിൽക്കാൻ തയാറായില്ല. തുടർന്ന് മറ്റ് അംഗങ്ങളും ഉമർ ഫൈസിയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം കള്ളന്മാർ പറയുന്നത് താൻ അനുസരിക്കില്ല എന്ന പദ പ്രയോഗം നടത്തി. ഇതാണ് ജിഫ്രി തങ്ങൾ ഇറങ്ങിപോകാൻ ഇടയാക്കിയത്. മുശാവറ അംഗങ്ങളെ കുറിച്ച് പറഞ്ഞത് തന്നെ കൂടി ഉദ്ദേശിച്ചാണെന്ന് പറഞ്ഞാണ് തങ്ങൾ ഇറങ്ങിപ്പോയത്. ഇതോടെ ഉപാധ്യക്ഷൻ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. പുറത്തിറങ്ങി വന്ന ജിഫ്രി മുത്തുകോയ തങ്ങൾ വിവാദ വിഷയങ്ങൾ മറ്റൊരു യോഗത്തിൽ ചർച്ച ചെയ്യുമെന്ന് വ്യക്തമാക്കി.
സമസ്തയിലെ സിപിഎം അനുഭാവിയായി അറിയപ്പെടുന്ന നേതാവാണ് മുക്കം ഉമർ ഫൈസി. മുമ്പ് അദ്ദേഹം നടത്തിയ വിവാദ പരാമർശങ്ങൾക്ക് സമസ്ത അധ്യക്ഷന്റെ അടക്കം സംരക്ഷണം ലഭിച്ചിരുന്നു. എന്നാൽ ലീഗ് അനുകൂല ചേരി പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഉമർ ഫൈസി നടത്തിയ മോശം പരാമർശം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ഇതോടെയാണ് ഇന്നത്തെ മുശാവറ ഈ വിഷയം ചർച്ചയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. എന്നാൽ സമസ്ത അധ്യക്ഷനെ കൂടി കടന്നാക്രമിച്ച ഉമർ ഫൈസി യോഗത്തിൽ ഒറ്റപ്പെടുകയായിരുന്നു. ഇതോടെ സമസ്തയിലെയും പോഷക സംഘടനകളിലെയും ലീഗ് വിരുദ്ധർക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ നിലപാട് കടുപ്പിക്കാനാണ് സാധ്യത.