ടൊറന്റോ: കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ടൊറന്റോയിലെ കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കുന്നതായി വിദേശകാര്യ മന്ത്രി അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങളുടെ പേരിലാണ് പുതിയ തീരുമാനം.
ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള വിവിധ സേവനങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിനായി ഒട്ടാവയിലെ ഹൈക്കമ്മീഷനും വാന്‍കൂവറിലെയും ടൊറന്റോയിലെയും കോണ്‍സുലേറ്റുകളും ഉള്‍പ്പെടെ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര മിഷന്‍ സംഘടിപ്പിക്കുന്ന പതിവ് പ്രവര്‍ത്തനങ്ങളാണ് മാറ്റിവെച്ചത്.
കനേഡിയന്‍ സര്‍ക്കാരില്‍ നിന്ന് മതിയായ സുരക്ഷാ ഉറപ്പ് ലഭിക്കാത്തതിനാലാണ് ക്യാമ്പ് റദ്ദാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ക്യാമ്പ് സംഘാടകര്‍ക്ക് മിനിമം സുരക്ഷാ പരിരക്ഷ നല്‍കാന്‍ തങ്ങള്‍ക്കാവില്ലെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതായി ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.