ബാൾട്ടിമോർ അപകടം: നിയന്ത്രിത സ്ഫോടനം വഴി പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കി, ഡാലിക്കപ്പൽ ബാൾട്ടിമോർ തുറമുഖത്തേക്ക് മാറ്റും

മാർച്ച് 26 ന് കണ്ടെയ്നർ കപ്പൽ ഇടിച്ചു തകർന്ന മേരിലാൻഡിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൻ്റെ അവശേഷിക്കുന്ന ഏറ്റവും വലിയ ഭാഗം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. ഇതോടെ പാലത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന ചരക്കുകപ്പൽ ഡാലിയെ അവിടെ നിന്ന് മാറ്റാനാകും. സ്ഫോടനം നടക്കുമ്പോൾ കപ്പലിലെ 21ജീവനക്കാരും കപ്പലിൽ തന്നെ ഉണ്ടായിരുന്നു. 20 പേരും ഇന്ത്യക്കാരാണ്. എല്ലാവരും സുരക്ഷിതരാണ്. തിങ്കൾ പുലർച്ചെ അഞ്ച് മണിക്ക് ശേഷമാണ് സ്‌ഫോടനം നടന്നത്. ഒരു വലിയ സ്ഫോടനം മുഴങ്ങി, പിന്നീട് ഇരുണ്ട പുകകൾ അന്തരീക്ഷത്തെ വലയം ചെയ്തു. തകർന്ന പാലത്തിന്റെ ഒരു ഭാഗം കപ്പലിൽ നിന്ന് വെള്ളത്തിലേക്ക് വീണു. അവശിഷ്ടങ്ങളുടെ കുറേ ഭാഗം കപ്പലിൻ്റെ മുകളിൽ അവശേഷിക്കുന്നുണ്ടായിരുന്നു.

നിയന്ത്രിത സ്ഫോടനം വഴി പാലത്തിന്റെ അവശിഷട്ങ്ങൾ മാറ്റുമ്പോൾ കപ്പലിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അതീവ ശ്രദ്ധ ആവശ്യമായിരുന്നു. ലക്ഷ്യമിട്ടതുപോലെ തന്നെ സ്ഫോടനം നടന്നത് വളരെ കൃത്യമായാണ് എന്നാണ് വിലയിരുത്തൽ . എന്നിരുന്നാലും കപ്പലിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുകയാണ് എന്ന് യു എസ് ആർമി കോർ ഓഫ് എഞ്ചിനീയേഴ്‌സ് വക്താവ് കേണൽ എസ്റ്റി പിഞ്ചസിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഡാലി കപ്പലിൽ നിന്ന് വലിയ അളവിൽ പാലത്തിന്റെ അവശിഷ്ടങ്ങളായ ഇരുമ്പ് ഉരുക്ക് നീക്കം ചെയ്തു. ശേഷിക്കുന്ന അവശിഷ്ടങ്ങൾ കപ്പലിൽനിന്ന് എങ്ങനെ നീക്കുമെന്ന് അധികൃതർ ഇപ്പോൾ പരിശോധിക്കുമെന്ന് കേണൽ പറഞ്ഞു.

ഇടിമിന്നൽ ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്ന് പല ദിവസങ്ങളിൽ ഓപറേഷൻ മാറ്റിവയ്ക്കുകയായിരുന്നു. പൊളിക്കൽ ആദ്യം ശനിയാഴ്ചയാണ് നിശ്ചയിച്ചിരുന്നത്, എന്നാൽ മോശം കാലാവസ്ഥ മൂലം അത് ഞായറാഴ്ചത്തേക്ക് മാറ്റി. പിന്നീട് തിങ്കളാഴ്ചയാണ് ഓപറേഷൻ നടത്താനായത്.

പാലം പൊളിച്ചതോടെ ഡാലി കപ്പലിനെ വീണ്ടും ബാൾട്ടിമോർ തുറമുഖത്തേക്ക് തിരികെ കൊണ്ടുപോകാൻ സാധിക്കും. കപ്പൽ നീക്കം ചെയ്‌തുകഴിഞ്ഞാൽ, സമുദ്ര ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങും. അടച്ചുപൂട്ടൽ മൂലം ജോലി ചെയ്യാനാകാതെ കഷ്ടപ്പെട്ടിരുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്ക് അതോടെ വലിയ ആശ്വാസമാകും.

Controlled Explosion frees Cargo Ship Dali From the Wreckage of Baltimore Bridge