മലാവി വൈസ് പ്രസിഡന്റിന്റെ വിലാപയാത്രയ്ക്കിടെ വാഹനവ്യൂഹം ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി: 4 മരണം, 12 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: മലാവിയിലെ അന്തരിച്ച വൈസ് പ്രസിഡന്റിന്റെ ശവസംസ്‌കാരചടങ്ങുകള്‍ക്കിടെ വിലാപയാത്രയ്‌ക്കൊപ്പമുണ്ടായിരുന്ന വാഹനവ്യൂഹം ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറി നാലുപേര്‍ മരിച്ചു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ ആഴ്ച ആദ്യം വിമാനാപകടത്തില്‍ മരിച്ച സൗലോസ് ചിലിമയുടെ മൃതദേഹം കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിലൊപ്പമുണ്ടായിരുന്ന ഒരു കാറാണ് അപകടമുണ്ടാക്കിയത്. സെന്‍ട്രല്‍ മലാവിയിലെ ചരേവലൗ എന്ന ഗ്രാമത്തിലാണ് വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്. രണ്ട് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

സൈനിക, പോലീസ്, സിവിലിയന്‍ വാഹനങ്ങള്‍ എന്നിവയ്ക്കൊപ്പം അപകടമുണ്ടാക്കിയ കാറും തലസ്ഥാനമായ ലിലോംഗ്വേയില്‍ നിന്ന് 180 കിലോമീറ്റര്‍ തെക്ക്, ചിലിമയുടെ സ്വന്തം ഗ്രാമമായ എന്‍സൈപ്പിലേക്ക് പോയി. ഇവിടെ തിങ്കളാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, വിമാനാപകടത്തില്‍കൊല്ലപ്പെട്ട വൈസ് പ്രസിഡന്റിന്റെ മൃതദേഹം ഒരു നോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് തെരുവില്‍ അണിനിരന്നിരുന്നത്. വിലപയാത്രയ്ക്കിടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മൃതദേഹം കാണുന്നതിനായി വിലാപയാത്ര നിര്‍ത്തണമെന്ന് ആളുകള്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

വിമാനാപകടത്തില്‍ അന്വേഷണം വേണമെന്ന് ചിലിമയുടെ പാര്‍ട്ടിതന്നെ വ്യാഴാഴ്ച ആവശ്യപ്പെട്ടു. കനത്ത മൂടല്‍മഞ്ഞില്‍ മലാവിയിലെ ചിക്കന്‍ഗാവ വനത്തില്‍ സൈനിക വിമാനം തകര്‍ന്നുവീണ് ചിലിമയും ഒപ്പമുണ്ടായിരുന്ന എട്ടുപേരും തിങ്കളാഴ്ച മരിച്ചു. ചൊവ്വാഴ്ചയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്

More Stories from this section

family-dental
witywide