ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പാചക വാതക സിലിണ്ടര്‍ വിലയില്‍ 100 രൂപ കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് പ്രഖ്യാപനമെന്ന് മോദിയുടെ വിശദീകരണം. സംഗതി തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് വിമര്‍ശനവും എത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായി ഗുണം ചെയ്യുന്ന തീരുമാനമായി ഇതും വിലയിരുത്തപ്പെടുന്നുണ്ട്.
ഇന്ന്, വനിതാ ദിനത്തില്‍, എല്‍പിജി സിലിണ്ടര്‍ വില 100 രൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും, പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യുമെന്ന് മോദി കുറിച്ചു. പാചക വാതകം കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവര്‍ക്ക് ജീവിതം എളുപ്പമാക്കുന്നതിനാണിതെന്നും മോദി വിശദീകരിച്ചു.