‘മാലാഖ’ക്ക് വേണ്ടി കോപ്പ നിറയ്ക്കുമോ ‘മിശിഹ’! അപരാജിത കുതിപ്പിൽ കിരീടം സ്വപ്നം കണ്ട് കൊളംബിയ; കലാശപോരിന്‍റെ ആവേശത്തിൽ ലോകം

മിയാമി: കോപ്പ അമേരിക്കയുടെ കലാശക്കളിക്ക് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ രണ്ട് ചോദ്യങ്ങളാണ് കാൽപന്ത് ആരാധകർക്കുള്ളത്. പ്രിയപ്പെട്ട മാലാഖയായ എയ്ഞ്ചൽ ഡി മരിയ അവസാന കളിക്കിറങ്ങുമ്പോൾ കോപ്പ നിറയെ ഗോളടിച്ച് കിരീട നേട്ടത്തിലൂടെ വിടചൊല്ലനാകുമോ മിശിഹക്കും സംഘത്തിനുമെന്നതാണ് ഒരു ചോദ്യം. 28 മത്സരങ്ങളിലെ അപരാജിത കുതിപ്പിൽ മുന്നേറുന്ന കൊളംബിയ കിരീടത്തിൽ മുത്തമിടുമോ എന്നതാണ് രണ്ടാമത്തെ ചോദ്യം. എന്തായാലും ഈ രാത്രി പുലരുമ്പോൾ ഉത്തരം ഉറപ്പാണ്.

തുടർച്ചയായി രണ്ടാം തവണയും ലയണൽ മെസ്സിയും സംഘവും കോപ്പ അമേരിക്ക കിരീടം മോഹിച്ചാണ് പന്തുതട്ടുന്നത്. തിങ്കളാഴ്ച പുലർച്ചെ 5.30 ന് മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ നിലവിലെ ലോക ചാമ്പ്യന്മാർ കൂടിയായ അർജന്റീന കൊളംബിയയെ നേരിടുമ്പോൾ ആവേശം അലയടിച്ചുയരും. 16 ആം കിരീടം ലക്ഷ്യമിട്ടാണ് ലയണൽ സ്കലോണി പരിശീലിപ്പിക്കുന്ന അർജന്റീന ഇറങ്ങുക. 2021 ൽ ബ്രസീലിനെ 1-0 ന് തോൽപ്പിച്ചാണ് മെസ്സിപ്പട കപ്പടിച്ചത്. അർജന്റീനിയൻ ടീമിന്റെ 30 ആം കോപ്പ ഫൈനലാണിത്. 2015 ന് ശേഷം നാലാമത്തേതും.

മറുവശത്ത് രണ്ടാം കിരീടമാണ് കൊളംബിയയുടെ ലക്ഷ്യം. 2001 ലാണ് അവർ കിരീടമുയർത്തിയത്. മെക്‌സിക്കോയെ തോൽപ്പിച്ചായിരുന്നു കിരീടധാരണം. ഇരു ടീമുകളും 42 തവണ പരസ്പരം കളിച്ചപ്പോൾ അർജന്റീന 25 കളികൾ ജയിച്ചു. കൊളംബിയ ജയിച്ചത് ഒമ്പത് കളികളിലാണ്. എട്ട് കളി സമനിലയായി. അവസാന 12 മത്സരങ്ങളിൽ കൊളംബിയക്ക് ജയിക്കാനായത് ഒന്ന് മാത്രം. 2019 ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു അത്. എന്തായാലും ഇന്നത്തെ മത്സരത്തിന് വീറും വാശിയും കൂടുമെന്നുറപ്പാണ്.

More Stories from this section

family-dental
witywide