കോപ്പ അമേരിക്കയിൽ സാംബ താളം നിലച്ചു! കാനറിപടക്ക് കണ്ണീർ, ഷൂട്ടൗട്ടില്‍ ബ്രസീലിനെ വീഴ്‌ത്തി ഉറുഗ്വോ സെമിയില്‍

കോപ്പ അമേരിക്കയിൽ കാനറിപടക്ക് വീണ്ടും കണ്ണീരോടെ മടക്കം. ക്വാർട്ടർ ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ഉറുഗ്വേയാണ്‌ ബ്രസീലിനെ പുറത്തേക്കടിച്ചത്. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായതിനെ തുടർന്ന് നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽ ഉറുഗ്വേ 4-2 നാണ് ബ്രസീലിനെ കരയിച്ചത്. എഡര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവരുടെ കിക്കുകള്‍ പാഴായതാണ് സാംബാ താളം നിലയ്ക്കാൻ കാരണമായത്.

മത്സരത്തിന്റെ തുടക്കം മുതൽ ഒപ്പത്തിനൊപ്പമുള്ള പോരാണ് യുറുഗ്വേക്കും ബ്രസീലിനും ഇടയിൽ കാണാനായത്. അവസരങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ അവസരങ്ങൾ തടയുന്നതിൽ ആയിരുന്നു ഇരു ടീമുകളുടെ ശ്രദ്ധ. ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല.രണ്ടാം പകുതിയിൽ ബ്രസീലിന്റെ ശക്തമായ അറ്റാക്കാണ് കാണാൻ കഴിഞ്ഞത്. പക്ഷെ യുറുഗ്വേയുടെ ഡിഫൻസീവ് ബ്ലോക്ക് മറികടക്കുകയെന്നത് എളുപ്പമായിരുന്നില്ല. 74ആം മിനുട്ടിൽ യുറുഗ്വേ താരം കോൾഡെസ് ചവപ്പ് കണ്ട് പുറത്ത് പോയി. തുടർന്ന് 10 പേരായി ചുരുങ്ങിയതോടെ യുറുഗ്വേ തീർത്തും ഡിഫൻസിലേക്ക് മാറി. അവർ നിശ്ചിത സമയം അവസാനിക്കുന്നത് വരെ കളി സമനിലയിൽ നിർത്തി.

തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.യുറുഗ്വോയ്ക്കായി ആദ്യ കിക്കെടുത്ത സൂപ്പര്‍ താരം ഫെഡെ വാല്‍വര്‍ദെ ഗോളാക്കി. ബ്രസീലിനായി എഡര്‍ മിലിറ്റാവോയുടെ കിക്ക് ഉറുഗ്വോയന്‍ ഗോളി സെർജിയോ റോഷെ തടുത്തിട്ടു. യുറുഗ്വോയ്ക്കായി റോഡ്രിഗോ ബെന്‍ടാന്‍കുറും ബ്രസീലിനായി ആന്‍ഡ്രിയാസ് പെരേരയും ഗോള്‍ നേടി. യുറുഗ്വോയുടെ അവസരത്തില്‍ ജോര്‍ജിയന്‍ ഡി അരാസ്‌ക്വേറ്റ ഗോള്‍ കണ്ടെത്തിയപ്പോള്‍ ഡഗ്ലസ് ലൂയിസിന്‍റെ കിക്കും ഗോളിയില്‍ അവസാനിച്ചു. ഇതിന് പിന്നാലെ ഹോസ് മരിയ ഗിമനസിന്‍റെ ഷോട്ട് തടുത്ത് അലിസണ്‍ ബക്കര്‍ ബ്രസീലിനെ പ്രതീക്ഷകളിലേക്ക് മടക്കിക്കൊണ്ടുവന്നു. അതേസമയം കാനറികള്‍ക്കായി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ലക്ഷ്യം കാണുകയും ചെയ്തു. തൊട്ടടുത്ത കിക്ക് വലയിലെത്തിച്ച് മാനുവല്‍ ഉഗാര്‍ട്ടെ യുറുഗ്വേയെ സെമിയിലേക്ക് കൈപിടിച്ച് നടത്തിയപ്പോള്‍ ബ്രസീല്‍ പുറത്തായി. സെമിയിൽ പ്രവേശിച്ച യുറുഗ്വേ കൊളംബിയയെ ആകും നേരിടുക.

More Stories from this section

family-dental
witywide