മെസ്സി മായാജാലത്തിന് കാത്തിരുന്ന് ലോകം, കോപ്പയ്ക്ക് നാളെ കിക്കോഫ്

അറ്റ്‌ലാന്റ: ലോകം ഇനി ഫുട്ബോൾ ആരവത്തിൽ. യൂറോ കപ്പിന്റെ ആവേശം തുടങ്ങിയതിന് പിന്നാലെ, ലാറ്റനമേരിക്കൻ ടീമുകൾ ഏറ്റുമുട്ടുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് നാളെ കിക്കോഫ്. അർജന്റീനയും ബ്രസീലും തന്നെയാണ് ഇക്കുറിയും ഫേവറിറ്റുകൾ. ലയണൽ മെസ്സിയും സംഘവും ലോകകപ്പിന് ശേഷം കോപ്പയിൽ കൂടി മുത്തമിടാൻ ഇറങ്ങുമ്പോൾ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് ബ്രസീലുമിറങ്ങും.

വെളളിയാഴ്ച പുലർച്ചെ 5.30-ന് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന കാനഡയുമായി ഉദ്ഘാടന മത്സരം കളിക്കും. തകർപ്പൻ ഫോമിലാണ് മെസ്സി. ഒരിക്കൽക്കൂടി കോപ്പയിൽ മുത്തമിടാനാണ് താരത്തിന്റെ വരവ്. ഇനിയൊരങ്കത്തിനുള്ള ബാല്യം മെസ്സിക്കില്ല. കിരീടത്തോടെ കോപ്പയോട് വിടപറയാനാകും ശ്രമം. 15 തവണ കിരീടം നേടിയ അർജന്റീന ടീം ശക്തമാണ്. ലയണൽ സ്‌കാലോനി പരിശീലിപ്പിക്കുന്ന ടീം അവസാനം കളിച്ച 14 കളികളിൽ 13-ലും ജയിച്ചു. മെസ്സിക്കുപുറമെ ജൂലിയൻ അൽവാരസും നിക്കോളാസ് ഗോൺസാലസുമാകും മുന്നേറ്റത്തിൽ.

അലക്സിസ് മെക്കാലിസ്റ്റർ, ലിയനാർഡോ പാരഡെസ്, റോഡ്രിഗോ ഡി പോൾ എന്നിവർ മധ്യനിരയിലും ഇറങ്ങും. കാനഡക്ക് ആദ്യ കോപ്പ അമേരിക്ക ടൂർണമെന്റാണ്. പ്ലേ ഓഫ് കളിച്ചാണ് ടീമിന്റെ വരവ്. ജെസ്സെ മാർഷിന്റെ തന്ത്രങ്ങളിൽ മെസ്സിയെയും സംഘത്തേയും പൂട്ടാമെന്ന ചിന്തയിലാണ് ആരാധകർ. ജോനാഥൻ ഡേവിഡിന്റെ സ്‌കോറിങ് മികവിലാണ് ടീമിന്റെ പ്രതീക്ഷ. നായകൻ സ്റ്റെഫാൻ എക്വസ്റ്റക്യൂവും ഇസ്മായിൽ കോനയുമാണ് മധ്യനിരയിലെ പ്രതീക്ഷ.

Copa america tournamanet commence tomorrow