തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു. കാണാതായി ഏഴു മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. മാലിന്യം പൂർണമായി നീക്കാൻ ഇനിയും 5 മണിക്കൂർ വേണമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ഇയാൾ.
മാലിന്യം നീക്കിക്കഴിഞ്ഞാൽ സ്കൂബ ഡൈവിങ് സംഘം പരിശോധന നടത്തും. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനടിയിൽക്കൂടിയാണ് തോട് ഒഴുകിപ്പോകുന്നത്. മാലിന്യം നീക്കിയതിനുശേഷം ടണലിനുള്ളിൽക്കടന്ന് പരിശോധിക്കാനാണ് സ്കൂബ ഡൈവിങ് സംഘം ശ്രമിക്കുന്നത്. 140 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ളതാണ് ടണലിനുള്ളത്. വെളിച്ചം മങ്ങിയതോടെ പ്രദേശത്ത് ലൈറ്റ് സംവിധാനങ്ങളെത്തിച്ചിട്ടുണ്ട്.
കൂലിപ്പണിയും അതിനുശേഷം ആക്രി പെറുക്കിയും ജീവിച്ചിരുന്നയാളാണ് ജോയി. പ്രായമായ അമ്മ മെർഹി മാത്രമാണ് ജോയിക്കൊപ്പം ഉള്ളത്. ഒരു സഹോദരനും രണ്ട് സഹോദരിമാരും കൂടി ജോയിക്കുണ്ട്. രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പമാണ് ജോയി തോട്ടിലിറങ്ങിയത്.
Corporation worker missing in Thiruvananthapuram Amayizhanjan canal