‘കോവിഡിനേക്കാള്‍ 100 മടങ്ങ് മാരകമായേക്കാം’, പക്ഷിപ്പനിയെക്കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: പക്ഷിപ്പനി എന്നറിയപ്പെടുന്ന എച്ച്5എന്‍1 പടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധര്‍. യുഎസിലെ ഒരാള്‍ക്ക് പശുവില്‍ നിന്ന് രോഗം പിടിപെട്ടതിനെത്തുടര്‍ന്ന് നെഞ്ചിടിപ്പുകള്‍ കൂട്ടിക്കൊണ്ട് ശാസ്ത്രജ്ഞര്‍ ആശങ്ക പ്രകടിപ്പിച്ചു. ടെക്‌സാസില്‍ കണ്ടെത്തിയ പുതിയ കേസ് പക്ഷിപ്പനിയുടെ ആശങ്കയില്‍ ഉന്നത തല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.

ഒരു മഹാമാരി ഉണ്ടാക്കാന്‍ സാധ്യതയുള്ള ഈ വൈറസിനോട് അപകടകരമായി അടുക്കുകയാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. എങ്കിലും അമേരിക്കയില്‍ ഇപ്പോള്‍ പക്ഷിപ്പനി മനുഷ്യനിലേക്ക് പടര്‍ന്നതിന്റെ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നത് ആശ്വാസമാണെന്നും വൈറസ് ഒരു മനുഷ്യ മഹാമാരിയാകാന്‍ പോകുന്നുവെന്ന് സൂചനയില്ലെന്നും, കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നുള്ള യുകെ വിദഗ്ധനും കേംബ്രിഡ്ജ് സാംക്രമിക രോഗങ്ങളുടെ കോ-ഡയറക്ടറുമായ പ്രൊഫ ജെയിംസ് വുഡ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ വൈറസുകളുടെ കൂട്ടത്തില്‍ മനുഷ്യര്‍ക്ക് വലിയ തോതില്‍ എക്‌സ്‌പോഷര്‍ ഉണ്ടായിട്ടുണ്ട്, വളരെ കുറച്ച് മനുഷ്യ കേസുകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നതാണ് ശ്രദ്ധേയമായ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപ വര്‍ഷങ്ങളില്‍, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പക്ഷികളെയും കോഴികളെയും അടക്കം H5N1 കൊന്നൊടുക്കിയിട്ടുണ്ട്. മാത്രമല്ല, പൂച്ചകള്‍, കരടികള്‍, കുറുക്കന്മാര്‍, മിങ്കുകള്‍, കടല്‍ സിംഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് മൃഗങ്ങളിലേക്കും ഇത് പടരാന്‍ തുടങ്ങി. പക്ഷിപ്പനി ആളുകള്‍ക്കിടയില്‍ പകരുമെന്നതിന് തെളിവുകളൊന്നുമില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, നിലവിലെ വ്യാപനത്തിന്റെ വ്യാപ്തി വൈറസിന് പരിണമിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇത് സസ്തനികള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ വ്യാപിക്കാന്‍ H5N1 വൈറസിനെ പ്രാപ്തമാക്കുമെന്നതാണ് പ്രധാന ഭീഷണി.

കഴിഞ്ഞയാഴ്ച, പശുക്കളില്‍ എച്ച്5എന്‍1 അണുബാധയുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, പട്ടികയിലേക്ക് പശുക്കളെയും ചേര്‍ക്കേണ്ടി വന്നു. പശുക്കളിലേക്കും പടരുന്നു എന്നത് മറ്റൊരു ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. ടെക്‌സസ്, കന്‍സാസ്, മിഷിഗണ്‍, ന്യൂ മെക്‌സിക്കോ, ഐഡഹോ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള കേസുകള്‍ സ്ഥിരീകരിച്ചതായും വിവരമുണ്ട്.

മനുഷ്യരിലേക്ക് രോഗം പടര്‍ന്നാല്‍ മരണനിരക്ക് 60 ശതമാനം വരെയാകാമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കുറഞ്ഞത് 887 പേര്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്നും ഇതില്‍ 462 പേര്‍ മരിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.