ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ, അതിവേഗം രൗദ്ര ഭാവത്തിലേക്ക് മാറി ‘മിൽട്ടൻ’, കാറ്റഗറി 5 കൊടുങ്കാറ്റായി, കാറ്റഗറി 6 ആകാൻ സാധ്യതയുണ്ടോ? അറിയാം

ഫ്ലോറിഡ: അതിവേഗം രൗദ്ര ഭാവത്തിലേക്ക് മാറിയ മിൽട്ടൻ കൊടുങ്കാറ്റിന്റെ ഭീഷണിയിലാണ് ഫ്ലോറിഡ. ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് മിൽട്ടൻ കാറ്റഗറി 2 ൽ നിന്ന് കാറ്റഗറി 5 ലേക്ക്‌ മാറിയത്. അതുകൊണ്ടുതന്നെ ഭീഷണിയും വർധിക്കുകയാണ്. മിൽട്ടൻ കൊടുങ്കാറ്റ് ഒരു കാറ്റഗറി 6 ആയി മാറുമോ എന്ന ആശങ്കയാണ് പലരും പങ്ക് വെക്കുന്നത്. എന്നാൽ കാറ്റഗറി 6 ലേക്ക് മിൽട്ടൻ മാറില്ല എന്നതാണ് യഥാർഥ്യം.

അതിവേഗം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ് മിൽട്ടൻ ചുഴലിക്കാറ്റ് എങ്കിലും സാങ്കേതികമായി കാറ്റഗറി 6 ആയി മാറില്ല. കാരണം ഈ വിഭാഗം ഇപ്പോൾ നിലവിലില്ല. എന്നാൽ കാറ്റഗറി 1 മുതൽ 5 വരെയുള്ള കാറ്റിൻ്റെ വേഗതയെ തരംതിരിക്കാൻ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം ദീർഘകാലമായി ഉപയോഗിക്കുന്ന സ്കെയിലിന് ഒരു പുനപരിശോധന ആവശ്യമുണ്ടോ എന്നതിനെക്കുറിച്ച് വിദഗ്ധർ ചർച്ച ചെയ്യുകയും വാദങ്ങൾ ഉയർത്തുകയും ചെയ്ത ‘സാങ്കൽപ്പിക കാറ്റഗറി 6’ ലെവലിലേക്ക് മിൽട്ടൻ എത്താൻ സാധ്യതയുണ്ട്.

അതേസമയം ഏറ്റവും അപകടകാരിയായ ചുഴലിക്കാറ്റുകളുടെ ഗണത്തില്‍പ്പെടുന്ന കാറ്റഗറി 5 കൊടുങ്കാറ്റായി രൂപാന്തരപ്പെട്ട മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്‍റെ ജാഗ്രതയിലാണ് അമേരിക്കന്‍ സംസ്ഥാനമായ ഫ്ലോറിഡ. പ്രവചനങ്ങളെല്ലാം തെറ്റിച്ച് ശരവേഗത്തില്‍ കാറ്റഗറി അഞ്ചിലേക്ക് മില്‍ട്ടന്‍ രൗദ്രഭാവം കൈവരിക്കുകയായിരുന്നു. ഫ്ലോറിഡ‍ തീരത്ത് അതീവജാഗ്രതയും മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങളും യുദ്ധസമാനമായി നീങ്ങുകയാണ്.

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്ലോറിഡ തീരത്തേക്ക് എത്തിയേക്കും. തംപ ബേയിലാകും ചുഴലിക്കാറ്റ് തീരം തൊടുക. കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇപ്പോള്‍ മെക്സിക്കയിലെ യുകാട്ടന്‍ ഉപദ്വീപിന് സമീപത്തുകൂടി നീങ്ങുകയാണ് മില്‍ട്ടണ്‍.

പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വിപുലമായ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനമാണ് ഫ്ലോറിഡയില്‍ നടക്കുന്നത്. ഒട്ടും സമയമില്ലെന്നും കഴിയുന്നത്ര വേഗം തംപ ബേ മേഖലയില്‍ നിന്നും ചുഴലിക്കാറ്റിന്‍റെ പാതയില്‍ നിന്നും ഒഴിഞ്ഞുപോകണമെന്നും ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഫ്ലോറിഡയില്‍ കനത്ത മഴയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. 10 മുതല്‍ 15 അടി വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചേക്കും. രണ്ട് കോടിയോളം ആളുകളാണ് ഫ്ലോറിഡയില്‍ മാത്രം പ്രളയഭീതിയില്‍ കഴിയുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റ് തീരം തൊട്ടുകഴിഞ്ഞാല്‍ ശക്തി കുറയാന്‍ തുടങ്ങുമെങ്കിലും മില്‍ട്ടന്‍റെ പ്രഹരം ചരിത്രത്തിലെ തന്നെ ഏറ്റവും കനത്തതായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

More Stories from this section

family-dental
witywide