ഇത് ലോകചരിത്രത്തിൽ ആദ്യം, 100 കടന്ന മണവാളനും മണവാട്ടിയും! അമേരിക്കൻ നവ ദമ്പതികൾക്ക്‌ ഗിന്നസ് റെക്കോർഡും സ്വന്തമായി

പ്രണയത്തെകുറിച്ചാണ് ലോകത്ത് ഏറ്റവും കൂടുതൽ വർണ്ണനകൾ ഉണ്ടായിട്ടുള്ളത് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാക്കാനിടയില്ല. എപ്പോൾ വേണമെങ്കിലും പ്രണയം സംഭവിക്കും എന്നതിന് ഉദാഹരണമാണ് അമേരിക്കയിലെ ‘100 വയസ് കടന്ന നവദമ്പതികൾ’ തെളിയിച്ചിരിക്കുന്നത്. 100 വയസ്സുള്ള ബെർണി ലിറ്റ്മാനും 102 വയസ്സുള്ള മർജോറി ഫിറ്റർമാനും വിവാഹിതരായതോടെ പിറന്നിരിക്കുന്നത് പുതിയൊരു ചരിത്രം തന്നെയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നവദമ്ബതികള്‍ എന്ന റെക്കോർഡ് നേട്ടമാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.

നവദമ്ബതികളുടെ റെക്കോർഡ് നേട്ടം ഗിന്നസ് വേള്‍ഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. പ്രണയിക്കാനും വിവാഹം കഴിക്കാനും പ്രായം ഒരു തടസമേ അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ലിറ്റ്മാൻ ദമ്ബതികള്‍. ഇവരുടെ പ്രണയകഥയും ഏറെ രസകരമാണ്.

യുഎസിലെ ഒരു വൃദ്ധസദനത്തില്‍ വച്ചാണ് ഇരുവരും പ്രണയത്തില്‍ ആകുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുൻപ് തങ്ങളുടെ ഹൈസ്കൂള്‍ കാലഘട്ടത്തില്‍ ഇരുവരും പരിചയപ്പെട്ടിരുന്നു എങ്കിലും അന്നത് പ്രണയത്തിലേക്ക് എത്തിയിരുന്നില്ല. വാർദ്ധക്യത്തില്‍ തന്റെ ഭാര്യയുടെ മരണശേഷമാണ് ബെർണി ലിറ്റ്മാൻ വൃദ്ധസദനത്തിലേക്ക് എത്തിയിരുന്നത്. ഭർത്താവിന്റെ മരണശേഷം മർജോറി ഫിറ്റർമാനും ഇവിടെയെത്തി.

ഒരേ കൂരയ്ക്ക് കീഴിലുള്ള താമസവും ജീവിതവും ഇരുവരെയും അടുത്ത സുഹൃത്തുക്കളാക്കി. വൈകാതെ തന്നെ തങ്ങള്‍ക്കുള്ളില്‍ ഒരു പ്രണയമുണ്ടെന്ന് തിരിച്ചറിഞ്ഞ ഈ ദമ്ബതികള്‍ ഒടുവില്‍ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.