ഉദയനിധി സ്റ്റാലിന് ആശ്വാസം; സനാതനധർമ പരാമർശത്തില്‍ നടപടിയില്ലെന്ന് ഹൈക്കോടതി, ഹർജി തള്ളി

ചെന്നൈ: ചെന്നൈ: സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് ആശ്വാസവിധി. ഉദയനിധി സ്റ്റാലിന്‍ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

ഉദയനിധിയ്ക്കും മറ്റ് രണ്ട് ഡിഎംകെ. ജനപ്രതിനിധികൾക്കും എതിരെയായിരുന്നു ഹര്‍ജി. ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശം തെറ്റാണെങ്കിലും അദ്ദേഹത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരെ ക്വോ വാറന്റോ പുറപ്പെടുവിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

വിവാദ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും സമൂഹത്തില്‍ ഭിന്നതക്ക് കാരണമാകുന്ന പരാമര്‍ശം നടത്തരുതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പരാമര്‍ശം ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണം. എന്നാൽ ഉദയനിധിയെ അയോഗ്യനാക്കാന്‍ നിലവില്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

വിവാദപരാമര്‍ശത്തിനു ശേഷവും മന്ത്രിപദവിയില്‍ തുടരുന്നത് ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ടി. മനോഹര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അനിത സുമന്ത് ആണ് വിധിപറഞ്ഞത്. വിവാദപരാമര്‍ശ സമയത്ത് വേദിയില്‍ ഉണ്ടായിരുന്ന ദേവസ്വം മന്ത്രി ശേഖര്‍ ബാബു, എ. രാജ എംപി എന്നിവരെ പുറത്താക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉണ്ടായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാദ പരാമര്‍ശം നടത്തിയത്. സനാതനധര്‍മം മലേറിയയും ഡെങ്കിയും പോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമര്‍ശം. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

More Stories from this section

family-dental
witywide