ബേലൂര്‍ മഖ്നയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടാനാകില്ലെന്ന് കോടതി; കര്‍ണാടകയുമായി ചേര്‍ന്ന് സംയുക്ത കര്‍മപദ്ധതി തയ്യാറാക്കാന്‍ ഉത്തരവ്

കൊച്ചി: വയനാട്ടില്‍ അജീഷെന്ന കര്‍ഷകന്റെ മരണത്തിനിടയാക്കിയ ബേലൂര്‍ മഖ്നയെന്ന കാട്ടാനയെ മയക്കുവെടിവെച്ച് കൊല്ലാന്‍ കളക്ടര്‍ക്ക് ഉത്തരവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ആനയെ വെടിവെച്ചുകൊല്ലണമെന്ന ജനങ്ങളുടെ വികാരം വയനാട് കളക്ടര്‍ കോടതിയെ അറിയിക്കുകയായിരുന്നു. സി.ആര്‍.പി.സി. 131 പ്രകാരം വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും കളക്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, ആനയെ വെടിവെച്ചുകൊല്ലാന്‍ ജില്ലാ കളക്ടര്‍ക്ക് ഉത്തരവിടാന്‍ നിയമപരമായി സാധ്യമല്ലെന്ന് കോടതി പറഞ്ഞു.

ബേലൂര്‍ മഖ്‌നയെ മയക്കുവെടിവെക്കാന്‍ കര്‍ണാടകയുമായി ചേര്‍ന്ന് സംയുക്ത കര്‍മപദ്ധതി തയ്യാറാക്കാന്‍ പറഞ്ഞ ഹൈക്കോടതി വയനാട്ടിലെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാല്‍ ഉചിതമായ സ്ഥലത്തുവെച്ച് മയക്കുവെടിവെക്കാമെന്നും പറഞ്ഞു. ആനയടക്കമുള്ള വന്യമൃഗശല്യം കൂടിവരുന്ന സാഹചര്യത്തില്‍ തമിഴ്നാട്, കേരള, കര്‍ണാടക വനംവകുപ്പുകള്‍ സംയുക്തമായി ഒരു സമിതി രൂപവത്കരിക്കണമെന്നും വന്യജീവി ശല്യം തടയുന്നതിന് സംയുക്തമായി നീങ്ങണമെന്നും കോടതി പറഞ്ഞു.

ഉള്‍ക്കാട്ടിലേക്ക് കടന്ന് ആനയെ മയക്കുവെടി വെക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും കാര്‍ണാടക അതിര്‍ത്തിയിലേക്ക് ആന നീങ്ങിയാല്‍ അവിടെച്ചെന്ന് മയക്കുവെടിവെക്കാന്‍ കേരള വനംവകുപ്പിന് നിയമപരമായി സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ആനയെ പിടികൂടാന്‍ വനംവകുപ്പ് കിണഞ്ഞു പരിശ്രമിക്കുകയാണ്. ആന കര്‍ണാടക വനാതിര്‍ത്തിയിലേക്കും കേരള വനാതിര്‍ത്തിയിലേക്കും മാറിമാറി സഞ്ചരിക്കുകയാണ്. ഇത് മയക്കുവെടി വെക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

More Stories from this section

family-dental
witywide