എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം. ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്ന് കോടതി. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയതുതന്നെ ക്ഷണിക്കാതെയാണ്. എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യ വന്നത് എന്ന് വ്യക്തം. ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്നും കോടതി നിരീക്ഷിച്ചു. ദിവ്യയ്ക്ക് ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകുമെന്ന് കോടതി പറഞ്ഞു.
ദിവ്യയുടെ നടപടികൾ ആസൂത്രിതം എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ദിവ്യ സാക്ഷികളെ സ്വാധീനിച്ചേക്കാം. പ്രഥമദൃഷ്ട്യ ദിവ്യക്കെതിരെ ഗൗരവമുള്ള കേസ് നിൽക്കുന്നതിനാൽ ജാമ്യം നൽകാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
പിപി ദിവ്യ സമൂഹത്തിലെ സ്വാധീനം കേസ് അട്ടിമറിക്കാൻ ഉപയോഗിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. സ്ഥാനമാനങ്ങൾ മുൻകൂർ ജാമ്യം അനുവദിക്കാനുള്ള യോഗ്യതയല്ലെന്നും കോടതി വ്യക്തമാക്കി. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷൻ വാദം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്.
സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്.
Court slams Divya on Naveen Babu case